കണ്ണൂർ: ഇരുചക്ര വാഹനവുമായി കണ്ണൂർ നഗരത്തിൽ രാത്രിയിൽ കറങ്ങാൻ വന്നാൽ പോലീസ് പിടിക്കും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ അനാവശ്യമായി നഗരത്തിലെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കുവാൻ ജില്ലയിലെ പല സ്ഥലത്തുനിന്നും കണ്ണൂർ നഗരത്തിൽ ചിലർ എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഇരുചക്രവാഹനത്തിലെത്തുന്ന ആളുകൾ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച് രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.
രാത്രി പത്തു മുതൽ ആൾക്കൂട്ടങ്ങളും കണ്ണൂർ നഗരത്തിൽ നിരോധിച്ചു. ടർഫ് കോർട്ടിലുള്ള പന്തുകളിക്ക് 11 മണി വരെയാണ് അനുമതി നൽകിയിരിക്കുന്നത്.
കണ്ണൂർ ടൗൺ പോലീസിന്റെയും സിറ്റി പോലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ നഗരത്തിൽ രാത്രികാല പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.