കോവിഡ് ബാധയില്‍ നിന്നു മുക്തി നേടിയവരില്‍ ദീര്‍ഘകാലത്തേക്ക് ശാരീരികാസ്വസ്ഥതകള്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം വിവരങ്ങള്‍ക്കിടെ ആശ്വാസം പകരുന്നൊരു പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കോവിഡ്-19 ശ്വാസകോശത്തിന് ഗുരുതര ആഘാതമുണ്ടാക്കും എന്നായിരുന്നു ആദ്യ സമയത്തെ റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ കോവിഡ് തീവ്രമായി ബാധിച്ച രോഗികളില്‍ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളില്‍ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് സര്‍വകലാശാല നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. കോവിഡ് മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, കോവിഡ് മൂലം ആശുപത്രിയിലെ നഴ്സിംഗ് വാര്‍ഡില്‍ അഡ്മിറ്റായവര്‍, കോവിഡ് ബാധിച്ച് വീട്ടിലിരുന്ന ശേഷം തുടര്‍ച്ചയായ ലക്ഷണങ്ങള്‍ മൂലം ഡോക്ടര്‍മാരാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടവര്‍ എന്നിങ്ങനെ കോവിഡ് ബാധിച്ച 124 രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്.
മൂന്നു മാസത്തിനു ശേഷം ഇവരുടെ ആരോഗ്യ നില സംബന്ധിച്ച പരിശോധനകള്‍ നടത്തി. സിടി സ്കാന്‍, ലങ് ഫംഗ്ഷണല്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തിയപ്പോഴും നീണ്ടു നില്ക്കുന്ന പ്രശ്നങ്ങള്‍ ഭൂരിഭാഗം രോഗികളിലും ഉണ്ടായിട്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.
ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളാണ് മൂന്നു മാസത്തിനു ശേഷം പലര്‍ക്കും ഉണ്ടായിരുന്നത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോ?ഗികളില്‍ ചിലര്‍ക്ക് മാത്രമാണ് നിണ്ടുനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടതെന്ന് പഠനത്തില്‍ പറയുന്നു.
കടുത്ത ന്യുമോണിയ,അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അവസ്ഥകളിലൂടെ കടന്നുപോയ ആളുകള്‍ക്ക് ഉണ്ടായ രോഗമുക്തി ക്രമമാണ് കോവിഡ് രോഗികളും പ്രദര്‍ശിപ്പിച്ചതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എന്തായാലും നിരവധി ആളുകള്‍ക്ക് ആശ്വാസം പകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.