ജിജി ലൂക്കോസ്
ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം മൂന്ന് കേന്ദ്രമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
വിവാദ കർഷക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയും പ്രസ്താവന നടത്തിയതിനു പിന്നാലെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു.
സര്‍ക്കാര്‍ ഉപാധിയായി വെച്ച ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് പ്രക്ഷോഭം മാറ്റണമെന്ന അമിത് ഷായുടെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളുകയും ചെയ്തു. ഉപാധികള്‍ വച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ തുറന്ന ഹൃദയത്തോടെ കര്‍ഷകരുടെ ആശങ്കയെ സമീപിക്കണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്നാണ് രാത്രിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.ഇതിനിടെ, ഡല്‍ഹിയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി സമരം വ്യാപിക്കുകയാണ്.
അഞ്ച് പ്രധാന പ്രവേശന കവാടങ്ങള്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ പ്രധാന സ്റ്റേജും ടെന്റുകളും തയാറാകുകയാണ്.
കോവിഡ് മഹാമാരിക്കിടെ നടക്കുന്ന പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി രംഗത്തെത്തിയ ഡോക്ടർമാർ ഉൾപ്പെടുന്ന സന്നദ്ധ സംഘടനകൾ പ്രതിരോധ മരുന്നുകള്‍ അടക്കം വിതരണം ചെയ്തു തുടങ്ങി.
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികളും നിരവധി സംഘടനകളും രംഗത്തെത്തി.കാര്‍ഷിക നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
പ്രക്ഷോഭകരുടെ സേവകരായി ആം ആദ്മി സര്‍ക്കാര്‍ നിലകൊള്ളുമെന്ന് പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ പറഞ്ഞു. ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ അഭിഭാഷകർ രംഗത്തെത്തി.
മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക, ഡൽഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്ല എന്നിവരുടെ നേതൃത്വത്തിലാണ് ഒരുകൂട്ടം അഭിഭാഷകർ സുപ്രീം കോടതിക്കു മുന്നിലെത്തി കർഷകർക്ക് ഐക്യദാർഢ്യമറിയിച്ചത്.