നവാസ് മേത്തർ
തലശേരി: സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുള്ള കെഎസ്എഫ് ഇയിലെ റെയ്ഡ് ആഭ്യന്തര വകുപ്പിലെ ഉന്നതർ അറിഞ്ഞു നടത്തിയതു തന്നെയാണെന്ന് സൂചന.
സ്വകാര്യ ആവശ്യവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നുവെങ്കിലും തിരുവനന്തപുരത്തു തന്നെയുണ്ടായിരുന്ന ഇന്റലിജൻസ് എഡിജിപി സുധേഷ് കുമാർ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയിരുന്നതായി വിജിലൻസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
കൃത്യമായി പരാതികളുടെ അടിസ്ഥാനത്തിൽ ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് റെയ്ഡ് നടത്തിയത്. ഇതിൽ രാഷ്ട്രീയം കടന്നു വന്നിട്ടുള്ളതു വിജിലൻസ് ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഇതിനിടയിൽ റെയ്ഡിനെത്തുടർന്നു സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിലെ കെ എസ് എഫ് ഇ ശാഖകളിൽ ജോലി ചെയ്യുന്ന ഇരുപത് ജീവനക്കാർ വിജിലൻസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്.
ഈ ഇരുപത് ജീവനക്കാരാണ് കെ എസ് എഫ് ഇ യിലെ ചിട്ടികളിലെ തിരിമറികൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും ചുക്കാൻ പിടിച്ചതെന്നു വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഇരുപത് ജീവനക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചപ്പോൾ ഇവരുടെ ബന്ധുക്കളും വിരമിച്ച ചില ഉദ്യോഗസ്ഥരുമടക്കം മുപ്പത് പേർ പുറത്തുനിന്നു ചിട്ടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായുമാണ് വിജിലൻസ് പറയുന്നത്.
കെഎസ്എഫ്ഇ പ്രഖ്യാപിച്ചിട്ടുള്ള ഇന്റേണൽ ഓഡിറ്റിംഗിൽ ഇക്കാര്യങ്ങൾ പരിശോധിക്കാനും നിർദേശം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ രണ്ട് ശാഖകളിലുൾപ്പെടെ 40 ശാഖകളിലാണ് മിന്നൽ റെയ്ഡ് നടന്നത്.
ഇതിൽ 38 ശാഖകളിലും ക്രമക്കേടുകൾ നടന്നിട്ടുള്ളതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദേശത്തെത്തുടർന്നു ധനകാര്യ വിഭാഗവും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയ്ഡ് രഹസ്യ റിപ്പോർട്ടിനെ തുടർന്ന്
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. അഞ്ചു പ്രധാനപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഈ മാസം 10നാണ് ലഭിച്ചത്.
വിജിലൻസിന്റെ രഹസ്യാന്വേഷണ വിഭാഗവും പോലീസ് ഇന്റലിജൻസും ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകിയിരുന്നു.
ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വിജിലൻസ് റെയ്ഡ് നടപടികളിലേക്ക് കടന്നത്. കെഎസ്എഫ്ഇയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേട് നടക്കുന്നുവെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ചില ബ്രാഞ്ച് മാനേജർമാർ നിക്ഷേപകരുടെ പണം വകമാറ്റുന്നു, മാനേജർമാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകൾ നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകൾ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി വിജിലൻസ് ആസ്ഥാനത്തു നിന്നും എസ്പിമാർക്ക് നിർദ്ദേശം നൽകിയത്. ചിട്ടിയിലൂടെ ചിലർ കള്ളപ്പണം വെളുപ്പിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
അതേസമയം കെഎസ്എഫ്ഇ മിന്നല്‍ പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാറിന് വിജിലന്‍സ് ഉടന്‍ കൈമാറില്ല. വിജിലന്‍സ് അവധി കഴിഞ്ഞ് ഏഴിന് മടങ്ങിയെത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദം സിപിഎം ഇന്ന് ചര്‍ച്ച ചെയ്യും.
ധനമന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ എന്നിവർ വിജിലൻസ് റെയ്ഡിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു.