കോട്ടയം: ഗുണ്ടാ നേതാവ് അലോട്ടിക്ക് ജയിലിലും സഹായികൾ. കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ കഴിയുന്ന ആർപ്പൂക്കര പനന്പാലം കൊപ്രായിൽ ജെയിസ്മോൻ ജേക്കബിന് (അലോട്ടി-27) ഫോണ്, നല്ല ഭക്ഷണം എന്നിവ എത്തിച്ചു നൽകാൻ സഹായികളുണ്ടെന്ന വിവരം പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽനിന്നും കോട്ടയം ആർപ്പൂക്കര സ്വദേശിയായ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതോടെയാണ് അലോട്ടിയുടെ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കുവാൻ പോലീസ് തീരുമാനിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലോട്ടിയെ കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. അലോട്ടി ജയിലിൽ കിടന്നു ഫോണിൽ ഭീഷണിപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫ് ജി. ജയദേവിനാണ് യുവാവ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ ആറരയ്ക്കാണ് ആർപ്പൂക്കര സ്വദേശിയായ യുവാവിന്റെ ഫോണിലേക്കു വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഞാൻ അലോട്ടിയാണെന്ന് പറഞ്ഞശേഷം നീ ഇനി അധികകാലം ജീവനോടെ ഉണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിച്ച കേസിൽ പോലീസ് പിടികൂടിയ അലോട്ടി കഴിഞ്ഞ മൂന്നു മാസത്തിലേറെയായി റിമാൻഡിലാണ്. ഇതിനിടെയിലാണ് കാപ്പ ചുമത്തിയത്. ഇതോടെ പാലാ സബ് ജയിലിൽനിന്നും അലോട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.
അലോട്ടി ജയിലിലായെങ്കിലും പനന്പാലം, ആർപ്പൂക്കര പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന സജീവമാണ്. അലോട്ടിയുടെ പേരു പറഞ്ഞാണ് കഞ്ചാവ് സംഘത്തിൽപ്പെട്ടവർ കഞ്ചാവ് കച്ചവടം നടത്തുന്നത്. പ്രദേശത്ത് പോലീസും എക്സൈസും പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.