തുറവൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ സ്കൂളിൻ്റെ ഭൂമി കൈയേറി പഞ്ചായത്ത് റോഡ് നിർമിച്ചതായി പരാതി.
പട്ടണക്കാട് പഞ്ചായത്തു് ആറാം വാർഡിൽ പ്രവർത്തിക്കുന്ന പട്ടണക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്നാണ് വിവാദമായ റോഡ് നിർമിച്ചിരിക്കുന്നത്.
ദൂരപരിധി ലംഘിച്ച് നിർമിക്കുന്ന റോഡിനെതിരെ സ്കൂൾ പിടിഏയും ഹെഡ്മിസ്ട്രസും പഞ്ചായത്തധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയായിരുന്നു.
രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രധാന കെട്ടിടത്തോട് ചേർന്നാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡ് നിർമാണം പൂർത്തിയായപ്പോൾ സ്കൂളിൻ്റെ ജനാലകൾ റോഡിലേയ്ക്കേ തുറക്കാൻ കഴിയൂ എന്ന സ്ഥിതിയാണ്.
റോഡ് കടന്ന് പോകുന്നതിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലയ്ക്കെടുക്കാനുള്ള ശ്രമം നിലനിൽക്കെയാണ് സ്കൂളിൻ്റെ സ്ഥലത്തിലൂടെ റോഡ് നിർമിച്ചിരിക്കുന്നതെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു.
സ്കൂൾ കെട്ടിടവുമായി മുക്കാൽ മീറ്റർ പോലും അകലം റോഡിനില്ലെന്നും ഇവർ പറയുന്നു. ഇത് കുട്ടികളുടെ സുരക്ഷ യ്ക്ക് ഭീഷണി സൃഷ്ടിക്കുന്നു.
ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൻ്റെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്ന റോഡ് പൊളിച്ച് മാറ്റണമെന്നാണ് ആവശ്യം.
സ്കൂൾ കെട്ടിടവുമായി ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണമെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ റോഡ് നിർമിച്ചതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ബന്ധപ്പെട്ടവർക്കെതിരെ മാതൃകാപരമായ നടപടി അധികൃതരിൽ നിന്നും ഉണ്ടാകണമെന്നും
പിടിഎ കമ്മിറ്റിയും സ്കൂൾ അധികൃതരും ആവശ്യപ്പെടുന്നു. അതേസമയം പൊതുജനങ്ങൾക്ക് വേണ്ടിയാണ് റോഡ് നിർമിച്ചതെന്നും സ്കൂളിൻ്റെ ഭൂമി കൈയേറിയിട്ടില്ലെന്നും ഇതിൽ ആരുടേയും പരാതിയും ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി വിപിനചന്ദ്രൻ പറയുന്നു.