മനുഷ്യജീവനെ ഭൂമിയിലേക്കു സ്വീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മാലാഖമാരാണ് നഴ്സുമാർ എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ, അങ്ങനെയുള്ള ഒരു നഴ്സ് തന്നെ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ കൊലയാളിയായാലോ?
ഇംഗ്ലണ്ടിലെ ചെഷൈറിലാണ് ഇത്തരത്തിൽ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. മുപ്പതുകാരിയായ ലൂസി ലെറ്റ്ബി എന്ന നഴ്സാണ് പതിനാറു മാസങ്ങൾക്കുള്ളിൽ എട്ടു കുഞ്ഞുങ്ങളെ കൊന്നതും പത്തു കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചതും.
കുഞ്ഞുങ്ങളുടെ മരണം
ചെഷൈറിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നഴ്സാണ് ലൂസി. 2017ൽ ആരംഭിച്ച അന്വേഷണത്തിന് ഉത്തരമാണ് മൂന്നു വർഷത്തിനിപ്പുറം ലഭിച്ചിരിക്കുന്നത്.
2015 മാർച്ച് മുതൽ 2016 ജൂലൈ വരെയുള്ള കാലയളവിൽ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ മരിക്കുന്നതു പതിവു സംഭവമായി മാറി. പ്രാഥമിക അന്വേഷണത്തിൽ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായ തകരാറാണെന്നു കണ്ടെത്തിയിരുന്നു.
ആശുപത്രിയിലെ ശിശുമരണ നിരക്ക് ശരാശരി പത്തു ശതമാനത്തിനു മുകളിൽ പോകുന്നുവെന്നു മനസിലായതോടെ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.
പിന്നിൽ അവളോ?
അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ് ലൂസിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2018ലും 2019ലും ലൂസിയെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. മുൻ അറസ്റ്റുകളുടെ അടിസ്ഥാനത്തിൽ ലൂസിയുടെ ബാൽക്കണിലെ വീട് പോലീസ് റെയ്ഡ് ചെയ്തു.
ചെസ്റ്റർ സർവകലാശാലയിലെ മൂന്നു വർഷ പഠന കാലത്ത് ലൂസി സ്റ്റുഡന്റ് നഴ്സായി പ്രവർത്തിച്ചിരുന്നു. 2011ൽ പഠനം പൂർത്തിയാക്കിയ ലൂസി കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ ശിശുവിഭാഗത്തിൽ നഴ്സ് ആയി പ്രവേശിക്കുന്നത്.
കേസിന് അടിസ്ഥാനമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പോലീസ് ലൂസിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിച്ചുവെങ്കിലും ലൂസിയുടെ ഭാഗത്തുനിന്നു ഇത്തരത്തിലൊരു ക്രൂരകൃത്യം ഉണ്ടാവുകയില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ.
സ്നേഹശീല
കൊലപാതകങ്ങൾക്കു പിന്നിൽ ലൂസി ആയിരിക്കില്ലെന്നും അവർ കഠിനാധ്വാനിയും സ്നേഹ ശീലയുമായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു.
പോലീസ് എത്രതന്നെ ചോദ്യം ചെയ്തിട്ടും ലൂസിയുടെ ഭാഗത്തുനിന്നു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതു വളരെ കുഴപ്പം പിടിച്ചതും വികാരഭരിതവുമായ കേസാണ്. മികച്ച ഉദ്യോഗസ്ഥരടങ്ങുന്ന ടീമിനാണ് കേസിന്റെ അന്വേഷണ ചുമതല.
അന്വേഷണ ഉദ്യോഗസ്ഥനായ പോൾ ഹ്യൂഗ്സ് പറയുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതതു സമയത്തു തന്നെ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.