സ്വന്തം ലേഖകൻ
തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തലവനായ എഡിജിപി സംഭവ സ്ഥലം സന്ദർശിച്ചു.
കോസ്റ്റൽ എഡിജിപി ഇ.ജെ. ജയരാജനാണ് ഇന്നലെ പാലത്തായിയിലെ വിദ്യാലയത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്ന എഡിജിപി ഇന്ന് കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തും.
തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വിദ്യാലയത്തിൽ എത്തി കൂടുതൽ തെളിവെടുപ്പുകൾ നടത്തി.
ഇന്നലെ സ്കൂളിൽ പോലീസ് ഉദ്യാഗസ്ഥർക്കൊപ്പം എത്തിയ ഫോറൻസിക് സംഘം പീഡനം നടന്നുവെന്ന് പറയപ്പെടുന്ന വിദ്യാലയത്തിലെ രണ്ട് ശുചിമുറികളിലേയും ടൈൽസ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്തു.
പീഡനത്തിനിടയിൽ രക്തസ്രാവമുണ്ടായിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടയും വിദ്യാർഥികളുടേയും ശുചിമുറിയിൽ നിന്നും രക്തസാമ്പിളുകൾ കണ്ടെത്താൻ ഫോറൻസിക് സംഘം പരിശോധന നടത്തിയിട്ടുളളത്.
കൊളുത്തുള്ള ശുചിമുറിയിൽ വെച്ചും കൊളുത്തില്ലാത്ത ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായിട്ടാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.
ശുചിമുറികളിൽ നിന്നും ശേഖരിച്ച ടൈൽസും മണ്ണും ഫോറൻസിക് പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
സ്കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെയാണ് പീഡന വിവരം പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരികളായ വിദ്യാർഥിനികളിൽ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു.
ഈ വിദ്യാർഥിനികളുടെ മൊഴി മുമ്പ് വന്ന അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിട്ടില്ലെന്ന് വ്യക്തമായതായി നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഏഴ് മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രീയ തെളിവെടുപ്പ് വിദ്യാലയത്തിൽ നടന്നിരുന്നു. ഈ തെളിവെടുപ്പിൽ മുൻ അന്വേഷണ സംഘങ്ങളുടെ ചില കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്ന് പുതിയ സംഘം വ്യക്തമാക്കിയിരുന്നു.
പെൺകുട്ടിയെ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.