മംഗലംഡാം: നീണ്ട ഇടവേളക്കുശേഷം കാന്തളത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. മഴുപ്പേൽ മത്തായിയുടെ ആട്, മനക്കകുടി ജിജിയുടെ വളർത്തുനായ എന്നിവയെയാണ് പുലി ആക്രമിച്ചത്.
ആടിനെ കൊന്ന് മാംസം തിന്ന് അവശിഷ്ടങ്ങൾ മാത്രമെ സ്ഥലത്ത് ശേഷിച്ചിട്ടുള്ളു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുള്ള വളർത്തുനായ മരണത്തോട് മല്ലടിച്ച് അവശനിലയിലാണ്.
അര കിലോമീറ്റർ ദൂരത്തിനിടക്കാണ് രണ്ട് വീടുകളിൽ പുലിയുടെ ആക്രമണമുണ്ടായത്.അർധരാത്രി ഒരു മണിയോടെയാണ് പുലി നായയെ പിടിച്ചത്.ശബ്ദം കേട്ട് വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ നായയെ ഉപേക്ഷിച്ച് പുലി ഓടി പോയി.
ഏഴ് വർഷം മുന്പാണ് വീഴ്ലി ,കാന്തളം പ്രദ്ദേശങ്ങളിൽ പുലി ശല്യം രൂക്ഷമായിരുന്നത്. കാന്തളത്ത് കളത്തിൽ ശശീന്ദ്രന്റെ ആടിനെ കൊന്നായിരുന്നു തുടക്കം.
തുടർന്ന് ഒരു ഡസനോളം വളർത്തുമൃഗങ്ങളെ പുലി വക വരുത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ കൂട് സ്ഥാപിച്ച് വനം വകുപ്പ് രണ്ട് പുലികളെ പിടികൂടുകയുണ്ടായി.
എന്നാൽ പിടികൂടുന്ന പുലികളെ നെല്ലിയാന്പതി തുടങ്ങിയ കാട്ടിൽ വിടുന്നതിനാൽ ഇവ വീണ്ടും പ്രദേശത്ത് എത്താൻ കാരണമാകുന്നതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.
രാത്രി കാലങ്ങളിൽ നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സംരക്ഷിക്കാൻ സൗകര്യമൊരുക്കണമെന്നാണ് വനപാലകരുടെ ഉപദ്ദേശം.
പ്രദേശത്ത് ഇറങ്ങിയിട്ടുള്ള പുലി ഏറെ ആക്രമണ സ്വഭാവമുള്ളതായതിനാൽ കൂടു വെച്ച് പുലിയെ പിടികൂടാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാർ ആവശ്യപ്പെടുന്നത്.