റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തെ പോലീസ് കാന്റീൻ നടത്തിപ്പിന്റെ ചുമതല റിട്ട. പോലീസ് ഉദ്യോഗസ്ഥനു നല്കിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു.
സർവീസിലിരിക്കെ നിരവധി ആരോപണങ്ങൾക്കു വിധേയനായ കോഴിക്കോട് വടകര സ്വദേശിക്കാണ് കാന്റീൻ നടത്തിപ്പ് കൊടുത്തിരിക്കുന്നത്.
ഇതിനു പോലീസിനുളളിൽ തന്നെ അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഒരു ഉന്നതൻ ഇടപെട്ടാണ് ഇയാളുടെ നിയമനമെന്നാണ് അറിയുന്നത്.
ദേശീയ വോളിവോൾ താരം ജിമ്മി ജോർജിന്റെ സഹോദരനും മുൻ റിട്ട.ഐജിയുമായ ജോസ് ജോർജിനായിരുന്നു കാന്റീൻ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്.
എന്നാൽ, ഇദ്ദേഹത്തെ ഒഴിവാക്കിയാണ് സിറ്റി പോലീസ് കമ്മീഷണറായി വിരമിച്ച ഉദ്യോഗസ്ഥനു നടത്തിപ്പ് ചുമതല നല്കിയിരിക്കുന്നത്. പോലീസ് വാഹനവും ഒരു പോലീസുകാരനെയും ഈ ഉദ്യോഗസ്ഥനു നല്കിയിട്ടുണ്ട്.
സിനിമാ നടൻ ദിലീപിന് സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ തണ്ടർ ഫോഴ്സ് സുരക്ഷാ ഏജൻസിയുടെ കേരളത്തിലെ ചുമതല ഈ കമ്മീഷണർക്കായിരുന്നു.
ഗോവ സ്വദേശിയായ ഒരാളായിരുന്നു ഈ ഏജൻസിയുടെ ചുമതലക്കാരൻ. കൊച്ചിയിലും കണ്ണൂരിലും ജോലിയിലിരിക്കെ നിരവധി ആരോപണങ്ങൾക്കും ഈ ഉദ്യോഗസ്ഥൻ വിധേയനായിരുന്നു.