ഇടുക്കി: രണ്ടു ഭാര്യമാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റവാളിയെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ വലയിലാക്കിയപ്പോൾ ഞെട്ടിയത് നാട്ടുകാർ.
ഇടുക്കി വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി കറുപ്പുസ്വാമിയെ (41) യാണ് വണ്ടിപ്പെരിയാർ പോലീസ് കഴിഞ്ഞ ദിവസം പിടി കൂടിയത്. പുലർച്ചെ വീടു വളഞ്ഞ പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.
ഇതിനിടെ കുപ്പിച്ചില്ല് വിഴുങ്ങി ജിവനൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇതു തടഞ്ഞു. വണ്ടിപ്പെരിയാർ എസ്റ്റേറ്റ് മേഖലയിൽ കൂലിപ്പണിയും മറ്റുമായി കഴിഞ്ഞിരുന്ന പ്രതി കൊല നടത്തി ഒളിവിൽ കഴിയുകയായിരുന്നുവെന്ന വിവരം നാട്ടുകാർക്കും പുതിയ അറിവായിരുന്നു.
ഇവിടെ ആദ്യഭാര്യയുടെ ബന്ധുക്കൾക്കൊപ്പമാണ് കറുപ്പു സ്വാമി കഴിഞ്ഞിരുന്നത്. കൊടും കുറ്റവാളിയ്ക്കാണ് സംരക്ഷണം നൽകിയതെന്ന വിവരം പോലീസ് വെളിപ്പെടുത്തിയപ്പോൾ ഇവരും ഞെട്ടി.
കഴിഞ്ഞ സെപ്റ്റംബർ 30ന് നാലാം ഭാര്യ ഷണ്മുഖ ലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷമാണ് കറുപ്പുസ്വാമി കേരളത്തിലേക്ക് കടന്നത്. ഇതിനു പുറമെ മറ്റൊരു ഭാര്യയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു.
വിവാഹം കഴിച്ച് ഇവരുടെ പണവും സ്വർണവും തട്ടിയെടുത്ത് മുങ്ങുകയോ കൊലപ്പെടുത്തുകയോ ആണ് ഇയാൾ ചെയ്തിരുന്നത്. ആദ്യ ഭാര്യ വണ്ടിപ്പെരിയാറിൽ ആയതിനാലാണ് ഇയാൾ ഇവിടെ എത്തിയത്.
ഇവരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യവും പ്രതിയ്ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതി കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തൂത്തുക്കുടി പോലീസ് ഇയാളുടെ ഫോട്ടോ സഹിതം വണ്ടിപ്പെരിയാർ പോലീസിനു നൽകിയിരുന്നു.
ഇതനുസരിച്ചാണ് വണ്ടിപ്പെരിയാർ പോലീസ് അതീവ രഹസ്യമായി ഇയാളുടെ ഒളിയിടത്തിലെത്തിയത്. ഇന്നലെ രാത്രി പുലർച്ചെയോടെ സിഐ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ വൻപോലീസ് സംഘം വീടു വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് പിടിയിൽ നിന്ന് രക്ഷപെടാൻ നടത്തിയ ശ്രമങ്ങൾ ബലപ്രയോഗത്തിലൂടെ തടഞ്ഞു. വർഷങ്ങൾക്ക് മുൻപ് വണ്ടിപ്പെരിയാറിൽ താമസിച്ചിരുന്ന കറുപ്പുസ്വാമി പിന്നീട് ബംഗളുരുവിലേക്ക് കടന്നതായി സിഐ ടി.ഡി.സുനിൽകുമാർ പറഞ്ഞു.
പിന്നീടാണ് തമിഴ്നാട്ടിലെത്തി കൊലകൾ നടത്തിയത്. പ്രതിയെ പോലീസ് പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട് പോലീസിനു കൈമാറി.