ഒരു സിനിമയുടെ ജീവന് നല്ലൊരു തിരക്കഥയാണ്. ഏറെ നാളുകള്‍ കൊണ്ടാണ് പലരും തിരക്കഥകള്‍ എഴുതിയുണ്ടാക്കുന്നത്. എന്നാല്‍ കിരീടത്തിന് വേണ്ടി വെറും നാല് ദിവസം കൊണ്ടായിരുന്നു ലോഹിതദാസ് തിരക്കഥ എഴുതിയത്.
സംവിധായകന് സിബി മലയിലിന്റെ കല്യാണത്തിന് പോവാന്‍ വേണ്ടി രാവും പകലും വിശ്രമമില്ലാതെയായിരുന്നു ലോഹിദാസ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കിരീടത്തിന് തിരക്കഥ എഴുതിയിരുന്ന സമയത്ത് ഐവി ശശി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും ലോഹിതദാസ് തിരക്കഥ എഴുതിയിരുന്നു.
ആ ചിത്രത്തിന് കിരീടം എന്നായിരുന്നു ലോഹിതദാസ് പേര് കൊടുത്തിരുന്നത്. എന്നാല്‍ ആ പേര് ഐ.വി. ശശിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ കുറിച്ച് സിബി മലയിലിനോട് സംസാരിച്ചപ്പോള്‍ ഐ.വി. ശശിക്ക് ആ പേര് വേണ്ടെങ്കില്‍ നമ്മൂടെ സിനിമയ്ക്ക് ആ പേരിടാമെന്ന് പറയുകയായിരുന്നു.
അങ്ങനെയാണ് മോഹന്‍ലാല്‍ ചിത്രത്തിന് കിരീടം എന്ന പേര് തീരുമാനിച്ചത്. പിന്നീട് ആ മമ്മൂട്ടി ചിത്രത്തിന് മുക്തി എന്നു പേരിട്ടു. മലയാളികളെ സങ്കടത്തിലാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് കീരിടം.
സിനിമയിലെ സേതുമാധവന് എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയിരുന്നു. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലെത്തിയ കിരീടം പുറത്തുവന്നിട്ട് 30 വർഷം കഴിഞ്ഞിരിക്കുന്നു.
1989 ലായിരുന്നു കീരിടം റിലീസിനെത്തിയത്. സിനിമ ഹിറ്റായതോടെ അതിന്റെ രണ്ടാം ഭാഗമായി ചെങ്കോല്‍ എന്ന ചിത്രം 1993 ല്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു.
രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പട്ടികയിലായിരുന്നു കീരിടവും ചെങ്കോലും. കീരിടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചു.
കേവലം 25 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ചത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാര്‍, ദിനേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സിനിമ നിര്‍മിച്ചത്. ഇരുപത്തി മൂന്നര ലക്ഷമായിരുന്നു സിനിമയുടെ നിര്‍മാണ ചെലവ്.
അക്കാലത്ത് നാലര ലക്ഷത്തോളം രൂപയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. നിര്മാതാവിനോടുള്ള സൗഹൃദം മൂലം നാല് ലക്ഷത്തിനാണ് താരം ചിത്രത്തില്‍ അഭിനയിച്ചതെന്നു റിപ്പോർട്ടുകൾ പറയുന്നു
-പിജി