കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ന്യൂനപക്ഷ വോട്ട് ചോര്‍ച്ച തടയാന്‍ നീക്കങ്ങളുമായി മുസ്ലിം ലീഗ്.
തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുസ്ലീം വോട്ടുകള്‍ ബിജെപിക്ക് പോവാതിരിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ ലീഗ് നേതൃത്വം നടത്തുന്നത്. മുസ്ലിം വിഭാഗത്തിലെ വിവിധ സംഘടനകളിലുള്ളവരെ ഏകോപിപ്പിച്ചുകൊണ്ട് വോട്ട് ചോര്‍ച്ച തടയാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കേന്ദ്രീകരിച്ച് മുസ്ലിം സംഘടനകളുടെ യോഗം ചേര്‍ന്നതായി ബിജെപിക്ക് വിവരം ലഭിച്ചു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ഈ യോഗത്തെ കുറിച്ച് അറിഞ്ഞതായാണ് സൂചന.
മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്ന പേരുദോഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയ്ക്ക് ഇത് തിരിച്ചടിയാണ്. അതേസമയം ലീഗിന്റെ നീക്കം തിരിച്ചറിഞ്ഞതോടെ ആര്‍എസ്എസ് “മറുമരുന്നു’മായി പ്രചാരണത്തിന് സജീവമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്ത വിധം ഇത്തവണ കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു.
ഒരു വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന എ.പി.അബ്ദുളള കുട്ടിയെ ദേശീയ വൈസ്പ്രസിഡന്റാക്കിയതിന് പിന്നിലും ലക്ഷ്യം മുസ്ലിം വോട്ടുകളായിരുന്നു. ഇത്തവണ 400 ഓളം സ്ഥാനാര്‍ഥികളെയാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ബിജെപി മത്സരരംഗത്തിറക്കിയത്.
ഇതില്‍ 117 പേര് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരില്‍ ഏഴുപേര്‍ വനിതകളാണെന്നതും ഏറെ പ്രാധാന്യമുള്ളതാണ് .
എന്നാല്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങളെ തടയിട്ടുകൊണ്ടാണ് മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ ലീഗിലെ ചില നേതാക്കള്‍ തീരുമാനമെടുത്ത് രംഗത്തെത്തിയത്.
അതേസമയം മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാവില്ലെന്നും തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.
100 സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 35 കൗണ്‍സിലര്‍മാരായിരുന്നു ബിജെപിക്കുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സഹായം സിപിഎമ്മിന് ലഭിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് തിരുവനന്തപുരം കോര്പറേഷനാണ്്.
കേന്ദ്രമന്ത്രിമാരും നേതാക്കളുമുള്‍പ്പെടെ പ്രചാരണത്തിനിറങ്ങുന്നതിനിടെയാണ് പുതിയ നീക്കം നടക്കുന്നതായി ബിജെപിക്ക് വിവരം ലഭിച്ചത്.