മട്ടന്നൂർ: നഗരത്തിലെ റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുകയും കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് ചെളിക്കുളമാകുകയും ചെയ്തതോടെ ജനങ്ങളുടെ യാത്ര ദുഷ്കരമായ സാഹചര്യത്തിൽ ടോൾ ഇറക്കി പ്രതിഷേധവുമായി നാട്ടുകാർ.
ചെളിയിൽ മുങ്ങിക്കിടക്കുന്ന സിനിമാ താരങ്ങളുടെ ഫോട്ടോ പതിച്ചാണ് ട്രോൾ വ്യാപകമായത്.
പച്ചക്കറിയും സാധനങ്ങളും വാങ്ങാൻ മട്ടന്നൂർ ടൗൺ വരെ പോയി തിരിച്ചെത്തിയവരുടെ അവസ്ഥയെ സൂചിപ്പിക്കുന്ന പോസ്റ്ററാണ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വൈറലാകുന്നത്.
തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തിൽ റോഡ് പൊളിച്ചിട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മട്ടന്നൂർ ബസ് സ്റ്റാൻഡിന് മുൻവശം മുതൽ ഇരിട്ടി റോഡിൽ പഴയ മദ്യഷാപ്പ് വരെയുള്ള റോഡാണ് പൂർണമായും പൊളിച്ചിട്ടത്.
200 മീറ്ററോളം നീളത്തിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്. റോഡ് പ്രവൃത്തിക്കിടെ വിവിധ സ്ഥലങ്ങളിലാണ് കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്.
വെള്ളം കുത്തിയൊഴുകിയതോടെ റോഡ് പൂർണമായി ചെളിക്കുളമാകുകയും ബൈക്ക് യാത്രക്കാർ ഉൾപ്പെടെ ചെളിയിൽ വീഴുന്നതും പതിവ് കാഴ്ച്ചയാണ്.
ദുരവസ്ഥ വ്യാപാരികൾ ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.