പണവും മറ്റു വിലകൂടി സാധനങ്ങളും സൂക്ഷിക്കാനാണ് പഴ്സും ബാഗും ഉപയോഗിക്കുന്നത്. എന്നാൽ ബാഗിന് കോടികൾ വിലയുണ്ടെങ്കിലോ? ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ബാഗിന്റെ വിശേഷമാണ്.
ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ പ്രമുഖ ബ്രാൻഡായ ബോറിനി മിലനേസി. കടൽക്കാഴ്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്.
നീലനിറത്തിലാണ് ബാഗ് നിർമിച്ചിരിക്കുന്നത്. നീലക്കല്ലുകൾ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈർമല്യത്തെയും സൂചിപ്പിക്കുന്നതായി കന്പനി അറിയിച്ചു.
വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകൾ ഉപയോഗിച്ചാണ് ബാഗിന്റെ നിർമാണം. 1000 മണിക്കൂറുകളെടുത്താണ് ബാഗിന്റെ നിർമാണം പൂർത്തിയാക്കിയത്.
ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിർമിച്ചിരിക്കുനന്ത്. ബാഗിന്റെ മോടി കൂട്ടാനായി വൈറ്റ് ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെ ബാഗിൽ ചേർത്തിട്ടുണ്ട്.
അവയിൽ നാല് ചിത്രശലഭങ്ങളിൽ വജ്രക്കല്ലുകളും മൂന്നെണ്ണത്തിൽ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്.130ഓളം കാരറ്റുള്ള കല്ലുകളാണ് ബാഗിലുള്ളത്.
പ്ലാസ്്റ്റിക് വസ്തുക്കൾക്ക് പകരം മൃഗത്തോൽ, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാഗിന്റെ ഉൾഭാഗം നിർമിച്ചിരിക്കുന്നത്. വാങ്ങുന്നയാൾക്ക് പ്രത്യേക പരിഗണനയും ലഭിക്കും.
ഉപഭോക്താവിന്റെ പേര് കൊത്തുപണി ചെയ്താണ് ബാഗ് ലഭിക്കുക. ഇനി ബാഗിന്റെ വില എത്രയെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. 53 കോടി രൂപയാണ് ബാഗിന്റെ വില. മൂന്ന് ബാഗ് മാത്രമാണ് കന്പനി നിർമിച്ചിരിക്കുന്നത്.