ചെറുതോണി: സ്വന്തം ചിഹ്നത്തിലെത്തി വോട്ടുചോദിക്കുന്ന വനിതാ സ്ഥാനാർഥി ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് വരിക്കമുത്തൻ വാർഡിലെ ദീപ സുഭാഷാണ് ചിഹ്നത്തിലെത്തി വോട്ടുതേടുന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്നവും ഓട്ടോറിക്ഷ തന്നെയാണ്. 17-ാം വാർഡിലെ എൻഡിഎ സ്ഥാനാർഥിയായാണ് ഇവർ ജനവിധി തേടുന്നത്.
വർഷങ്ങളായി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഇവർക്ക് വാർഡിലെ ഓരോ വീടും വഴിയും സുപരിചിതമാണ്.
സ്ഥാനാർഥിയായതോടെ ഓട്ടോറിക്ഷ ഓട്ടമൊന്നും പോകാറില്ല. പകരം രാവിലെതന്നെ പ്രവർത്തകരുമൊത്ത് വാർഡിലെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് ചോദിക്കാനിറങ്ങും.
തന്റെ ജീവിതമാർഗമായ ഓട്ടോ തന്നെ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതിന്റെ സന്തോഷവും ദീപ പങ്കുവയ്ക്കുന്നുണ്ട്്.
ഭർത്താവ് കിടാരത്തിൽ സുഭാഷ് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറാണ്. ആദിത്യൻ, അഭിനന്ദ് എന്നിവരാണ് മക്കൾ. പി.ആർ. രമ്യയാണു യുഡിഎഫ് സ്ഥാനാർഥി. ജിഷാ സുരേന്ദ്രൻ എൽഡിഎഫ് ടിക്കറ്റിലും മത്സരിക്കുന്നു.