കോട്ടയം: ആന്പൽപൂക്കൾ വസന്തം തീർത്ത് ലോകശ്രദ്ധ നേടിയ മലരിക്കലിൽ ഇപ്പോൾ ആന്പൽ പൂക്കൾ ഇല്ലെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വസന്തമാണുള്ളത്. തിരുവാർപ്പ് പഞ്ചായത്തിലെ 13-ാം വാർഡാണ് മലരിക്കൽ.
വിസ്തൃതികൊണ്ടും ജനസംഖ്യകൊണ്ടും പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡാണിത്. വേന്പനാട്ടു കായലിനോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ഒന്നാം വാർഡ്.
യുഡിഎഫ് സ്ഥാനാർഥിയായി എം.എ. വേലുവും എൽഡിഎഫ് സ്ഥാനാർഥിയായി ഒ.എസ്. അനീഷ് കുമാറും എൻഡിഎ സ്ഥാനാർഥിയായി സതീഷ് കാഞ്ഞിരവുമാണ് മലരിക്കലിലെ പോരാളികൾ.
മൂന്നുവർഷമായി ഇവിടെ ആന്പൽ ഫെസ്റ്റ് നടക്കുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് യാതൊരു വിധ സൗകര്യവും ഇല്ല. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് യുഡിഎഫ് സ്ഥാനാർഥി വേലു പറഞ്ഞു.
1979-ൽ പശുവും കിടാവും ചിഹ്നത്തിൽ കോൺ ഗ്രസ് സ്ഥാനാർഥിയായി ഇദ്ദേഹം ഇ വിടെ മത്സരിച്ചിരുന്നു. ആന്പൽ ഫെസ്റ്റുമായി ബന്ധപ്പെടുത്തി പ്രദേശവാസികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾക്ക് മുൻതൂക്കം നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി അനീഷ്കുമാർ പറഞ്ഞു.
കുടിവെള്ളപ്രശ്നമാണ് മലരിക്കൽ നേരിടുന്ന പ്രശ്നമെന്നും അതിനു ശാശ്വത പരിഹാരം കാണുമെന്ന് എൻഡിഎ സ്ഥാനാർഥി സതീഷ് കാഞ്ഞിരം പറഞ്ഞു.
മൂന്നു സ്ഥാനാർഥികളും നാലു വട്ടം ഭവനസന്ദർശനം പൂർത്തിയാക്കി കഴിഞ്ഞു. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുരുത്തോലക്കാട്, വെട്ടിക്കാട് പ്രദേശങ്ങളിൽ വള്ളത്തിൽ സഞ്ചരിച്ചായിരുന്നു പ്രചാരണം.
ഒരു മാസം മുന്‍പ് പൂക്കൾ മരുന്ന് അടിച്ച് അഴുകിപ്പിച്ചതിനുശേഷം പാടത്ത് മുഴുവൻ ഇപ്പോൾ നെൽകൃഷി ആരംഭിച്ചു.
600 ഏക്കർ വരുന്ന തിരുവായ്ക്കരി ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്താണ് രണ്ടു മാസം മുന്‍പ് ആന്പൽ പൂക്കൾ വസന്തകാഴ്ച ഒരുക്കിയത്.
കണ്ണെത്താ ദൂരത്തോളം ഇവിടെ ആന്പൽ പൂക്കൾ പൂത്തിരുന്നു. മുൻ വർഷങ്ങളിൽ ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ കൂട്ടത്തോടെ ഇവിടെയെത്തിയിരുന്നു.
ഇത്തവണ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പകരം മലരിക്കൽ ആന്പൽ ഫെസ്റ്റ് ഇ-ഫെസ്റ്റായി നടത്തി.
ആന്പൽപാടത്തെ ഓരോ ദിവസത്തെ കാഴ്ചകൾ ഷൂട്ട് ചെയ്ത് വർച്വൽ രീതിയിൽ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. ഇതു കൂടാതെ ഓരോ ദിവസത്തെയും ഷൂട്ട് ലൈവായി നൽകുകയും ചെയ്തു.