സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അനുദിനം കൂടിവരുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി ചിലര്‍ സ്ത്രീകള്‍ക്കു രക്ഷകരായി അവതരിക്കാറുണ്ട്.
ഒരു അപകടത്തില്‍ പെടുമ്പോള്‍ നമ്മള് പ്രതീക്ഷിക്കുന്ന ആളാവില്ല പലപ്പോഴും രക്ഷകരായി എത്താറുള്ളത്. നമ്മള് മാന്യരെന്നു കരുതുന്നവരില്‍ നിന്നും മോശം അനുഭവമായിരിക്കും പലപ്പോഴും ലഭിക്കുക. അതേ സമയം നമ്മള് മോശക്കാരെന്നു കരുതുന്ന ചിലരാവും നമ്മുടെ രക്ഷകരായി എത്തുന്നത്.
അതിന് ഉത്തമ ഉദാഹരണം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ അനുഭവം. സംഭവം ഇങ്ങനെ സുഹൃത്തിന്റെ വിവാഹത്തിന് പോയ അനുഭവമാണ് പെണ്‍കുട്ടി പങ്കുവെച്ചിരിക്കുന്നത്.
10 വയസ്സുള്ള അനുജനോടൊപ്പം നേഹ എന്ന പെണ്‍കുട്ടി കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.
നേഹ പറയുന്നതിങ്ങനെ…വൈകി എത്തിയ ട്രെയിനില്‍ നിന്നും സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിന്‍ എപ്പോഴാണ് എന്ന് ചോദിച്ച ശേഷം അനിയനെ് കുടിക്കാന്‍ എന്തേലും വാങ്ങി നല്‍കാം എന്ന് വിചാരിച്ചാണ് കടയിലേക്ക് പോയത്. എന്നാല്‍ ബാഗ് തുറന്നു ഞാന്‍ ആകെ പതറിപ്പോയി.
ഫോണും കാശ് ഉള്‍പ്പെടുന്ന ചെറിയ ബാഗ് വലിയ ബാഗില്‍ കാണാനില്ല. ബാഗ് മുഴുവന്‍ തിരഞ്ഞെങ്കിലും മൊബൈല്‍ ഫോണും കാശും അടങ്ങിയ ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആകെ പരിഭ്രമിച്ച ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ആളുകള്‍ കുറഞ്ഞുവന്നു സമയം വളരെ വേഗത്തില്‍ പോകുന്നതായി തോന്നി. എന്തുചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയി. ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുക എന്നല്ലാതെ വേറെ വഴി എനിക്കില്ലായിരുന്നു.
എന്റെ പരിഭ്രമം ഞാന്‍ ഉറക്കം തൂങ്ങി നിന്ന അനിയനെ അറിയിച്ചില്ല. ഇടയ്ക്ക് ദാഹിക്കുന്ന കാര്യം പറയുന്നുണ്ടെങ്കിലും ഇപ്പൊ മേടിക്കാം എന്ന് പറഞ്ഞ് ഞാന്‍ അവനെ സമാധാനിപ്പിച്ചു. എന്റെ അവസ്ഥ അവനറിയില്ലല്ലോ.
എന്റെ പരിഭ്രമം കണ്ടാവണം അവിടെ നിലത്തു കുത്തിയിരുന്ന ഒരു പ്രായമായ ചേട്ടന് എന്റെ അടുത്ത് വന്ന് കാര്യം തിരക്കി. ആളെ കണ്ടാല്‍ യാചകന്റെ രൂപവും ഭാവവുമാണ്. ധൈര്യം കൈവിടാതെ ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടില്‍ ഞാന്‍ മറുപടി കൊടുക്കാതെ മാറിനിന്നു.
തുടരെ ചോദിച്ചപ്പോള്‍ ഒടുവില്‍ പറയാതെ വയ്യന്നായി. ഒടുവില്‍ പൈസ നഷ്ടപ്പെട്ടു എന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ഇത് കേട്ട് അദ്ദേഹം കുറച്ചു പൈസ എന്റെ കയ്യില്‍ തന്ന ശേഷം എന്നോട് പറഞ്ഞു, അധികം നേരം ഇവിടെ നില്‍ക്കുന്നത് ശരിയാവില്ല സമയം കൂടി വരുന്നു. എന്നാല്‍ പൈസ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന എന്നെ അദ്ദേഹം നിര്‍ബന്ധിച്ച് പൈസ ഏല്‍പ്പിച്ചു.
എന്നിട്ട് പറഞ്ഞു അടുത്ത ദിവസം വരുമ്പോഴും ഞാന്‍ ഇവിടെ ഉണ്ടാകും അപ്പോള്‍ എന്റെ പണം തിരികെ തന്നാല്‍ മതി എന്ന്. ഒടുവില്‍ ഞാനാ പണം വാങ്ങി, വേറെ നിവൃത്തിയില്ലാതെ. അടുത്ത ട്രെയിനില്‍ തന്നെ കയറി വീട്ടിലെത്തുകയും ചെയ്തു.
വീട്ടില്‍ ചെന്നതും സംഭവിച്ചതെല്ലാം വീട്ടുകാരോട് പറഞ്ഞു. ശരിക്കും പേടിച്ചു പോയ എന്നെ വീട്ടുകാര്‍ ആശ്വസിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ തിരക്കി അടുത്തദിവസം ആ സ്റ്റേഷനില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.
പണം തിരികെ കൊടുക്കാന്‍ തന്നെയായിരുന്നു ചെന്നത്. പക്ഷേ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. ആ സ്റ്റേഷനില്‍ പിന്നീട് എപ്പോഴൊക്കെ എത്തിയാലും എന്റെ കണ്ണുകള്‍ ആ നല്ല മനസുകാരനായ ചേട്ടനെ തിരഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ കണ്ടെത്താനായില്ല.
ഒരുപക്ഷേ എന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം ഒരാളെ എന്നെ സഹായിക്കാന്‍ ഏല്‍പ്പിച്ചത് ആകും എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അതെ അത് തന്നെയാണ് സത്യം. ഇതായിരുന്നു നേഹയുടെ കുറിപ്പ്. എന്തായാലും ഇത്തരം മനുഷ്യരുള്ളതാണ് ഇക്കാലത്ത് ഒരു പ്രതീക്ഷയാകുന്നത്.