കോട്ടയം: ജില്ലയിലെങ്ങും മുക്കുപണ്ടം പണയംവച്ചു പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു. കോട്ടയം നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയയാളെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇടുക്കി വാകത്താനത്ത് ബോബി ഫിലിപ്പ് (43) ആണ് അറസ്റ്റിലായത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
ഇത്തരം സംഘങ്ങൾ വ്യാജ ആധാർ കാർഡുകൾ നല്കിയാണ് തട്ടിപ്പുകൾ നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. നാലു മാസം മുന്പ് നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇയാൾ നാലു വളകൾ പണയം വച്ചു 1.12 ലക്ഷം രൂപ വാങ്ങി.
കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ അധികൃതർ സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ ഇയാൾ നല്കിയ ആധാർ കാർഡും മേൽവിലാസവും മൊബൈൽ നന്പറും പരിശോധിച്ചെങ്കിലും ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നു പോലീസിൽ പരാതി നല്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുന്പു എരുമേലി, കിടങ്ങൂർ, കുമ്മണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിൽ വ്യാജ ആധാർ കാർഡ് നല്കി മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ മൂന്നംഗ സംഘത്തെ കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു.