കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ മൂന്നു സിറ്റിംഗ് സീറ്റുകളിൽ തിരിച്ചടി നേരിടുമെന്ന് ആശങ്കയിൽ ജില്ലയിലെ സിപിഎം നേതൃത്വം.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായി കുമരകം, വെള്ളൂർ, തലയാഴം ഡിവിഷനുകളിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക സിപിഎം ജില്ലാ നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്.
കുമരകത്തെ പ്രശ്നം
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കുമരകത്തുണ്ടായിരിക്കുന്ന വിഭാഗീയതയാണ് സിപിഎമ്മിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചായത്തിലും തിരിച്ചടി നേരിട്ടേക്കുമെന്നും ആശങ്കയുണ്ട്.
ഇതു ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയെയും പ്രതികൂലമായി ബാധിച്ചേക്കും. ഇവിടുത്തെ എസ്എൻഡിപി നേതൃത്വം നടത്തുന്ന ഇടപെടലുകളും ഇടതുപക്ഷത്തിന് വിനയായേക്കുമെന്നും നേതാക്കൾ കണക്ക് കൂട്ടുന്നു.
വെള്ളൂരിൽ മുൻ ജില്ലാ പഞ്ചായത്തംഗമായ സിപിഎം വനിതാ നേതാവിനു പാർട്ടിയിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം വികസന പ്രവർത്തനത്തിന് അനുവദിച്ച 10 കോടി രൂപ മണ്ഡലത്തിൽ ലാപ്സായതും വെള്ളൂർ സഹകരണ ബാങ്ക് അഴിമതിയും തിരിച്ചടിയാകുന്ന സാഹചര്യമാണ്.
ഏറ്റെടുക്കാതെ പ്രവർത്തകർ
തലയാഴത്ത് സിപിഎം സ്ഥാനാർഥിയെ പ്രവർത്തകർ ഏറ്റെടുത്തിട്ടില്ലെന്നും പറയപ്പെടുന്നു. ഇതു നേതൃത്വത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ബിനാമി ഭരണമാണ് ഈ സ്ഥാനാർഥി വിജയിച്ചാൽ നടക്കുകയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഡിവൈഎഫ്ഐ വനിതാ സംസ്ഥാനകമ്മിറ്റി അംഗത്തെയും സ്ഥാനാർഥിയായി പ്രതീക്ഷിച്ചിടത്ത് ആരും ചർച്ച ചെയ്യാത്ത, പേര് നിർദ്ദേശിക്കാത്ത സ്ഥാനാർഥിയെ അവതരിപ്പിച്ചത് ഡിവൈഎഫ്ഐ, മഹിളാ നേതൃത്വം പോലും ഉൾക്കൊണ്ടിട്ടില്ല.
മുതലാക്കാൻ യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വാഹന പര്യടനം 30ന് ആരംഭിച്ചിട്ടും തലയാഴത്തും വെള്ളൂരും പര്യടനം തുടങ്ങിയതു കഴിഞ്ഞ മൂന്നിനാണ്.
തലയാഴം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റിവ്യു നടന്നിട്ടില്ലെന്നും പറപ്പെടുന്നു. ഇതെല്ലാമാണ് സിപിഎമ്മിനു ആശങ്ക നല്കുന്നത്.
പരാജയ ഭീതി മുന്നിൽക്കണ്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി നേരിട്ടു ഇവിടങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുകയും മൂന്ന് സീറ്റുകളിലും ബൂത്ത് തലയോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
യുഡിഎഫ് ആകട്ടെ നിശബ്ദ പ്രചാരണത്തിലാണ്. സിപിഎമ്മിലെ പ്രശ്നങ്ങൾ വോട്ടാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫ് ക്യാന്പ്.