ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരൻ താമസിക്കുന്ന ക്വാട്ടേഴ്സിൽ അർധരാത്രിയിൽ പ്രേത ശല്യമുണ്ടെന്നും അതിനാൽ മറ്റൊരു ക്വാട്ടേഴ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ജീവനക്കാരൻ കോളജ് അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ നൽകി.
താൻ താമസിക്കുന്ന ക്വാട്ടേഴ്സിൽ വർഷങ്ങൾക്ക് മുന്പ് ഒരു പെണ്കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അർധരാത്രിയിൽ ഇവർ ഇറങ്ങി വരുന്നത് താൻ കണ്ടെന്നും,
അതിനാൽ തനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ലെന്നും അതിനാൽ മറ്റൊരു ക്വാട്ടേഴ്സ് അനുവദിക്കണമെന്നുമായിരുന്ന ജീവനക്കാരന്റെ ആവശ്യം.
അപേക്ഷ നോക്കിയശേഷം കെട്ടിടത്തിന് ചോർച്ചയോ, മറ്റെന്തെങ്കിലും കാരണമോ ഉണ്ടെന്ന് എഴുതി തന്നാൽ ക്വാട്ടേഴ്സ് മാറ്റിത്തരാമെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.
ക്ഷുഭിതനായ ജീവനക്കാരൻ അദേഹത്തോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്ന് ജീവനക്കാരനെ സൂപ്രണ്ട് സസ്പെന്റ് ചെയ്തു.