പഞ്ചാബി ഹൗസിലെ നായകനായി ആദ്യം നിശ്ചയിച്ചത് ജയറാമിനെ എന്നു സംവിധായകൻ റാഫിമെക്കാർട്ടിൻ ഒരിക്കൽ വെളിപ്പെടുത്തി. റാഫിമെക്കാർട്ടിൻ ഒരിക്കൽ പറഞ്ഞു…
ഒരു സിനിമ വിജയിച്ചാൽ അതു സംവിധായകന്റെ കഴിവാണ്, തിരക്കഥയുടെ ശക്തിയാണ്, നടന്റെ അഭിനയമികവാണ് എന്നൊക്കെ ആൾക്കാരു പറയും. എന്നാൽ പഞ്ചാബിഹൗസിന്റെ വിജയരഹസ്യം അതിന്റെ നിർമാതാക്കളായ സാഗാ അപ്പച്ചനും എ.കെ.പി. ആന്റണിയുമാണ്.
പഞ്ചാബി ഹൗസിലെ തമാശസീനുകളെക്കുറിച്ചു പറയുന്പോൾ ആമുഖമായി നിർമാതാക്കളുടെ കാര്യം പറയണം. അതിനു കാരണമുണ്ട് . അന്ന് ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള, ഹ്യൂമർ കൈകാര്യം ചെയ്യുന്ന നടൻ ജയറാമാണ്.
മഞ്ജുവാര്യരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നിൽക്കുന്നു. അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങൾക്കു മുന്നിൽ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല.
ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്. ജഗതിയില്ലാത്ത മലയാളസിനിമയെക്കുറിച്ചു ചിന്തിക്കാൻ പറ്റാത്ത കാലം.
അന്നത്തെ സിനിമാ മാർക്കറ്റ് വച്ചുനോക്കുന്പോൾ ഞങ്ങളുടെ കൈയിലുള്ള തിരക്കഥ കൊണ്ടു ശരാശരി സാന്പത്തിക വിജയത്തിനുള്ളതെല്ലാമുണ്ട്.
കഥയുടെ ഘടനയിൽ കൂടുതൽ പുരോഗതിയുണ്ടായപ്പോഴാണ് നടന്മാരുടെ കാര്യത്തിൽ ഞങ്ങൾ ചില തീരുമാനങ്ങളെടുത്തത്.
തടിമാടന്മാരായ പഞ്ചാബികളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു സാധു ചെറുപ്പക്കാരനാണ് നായകൻ. ആറടി ഉയരമുള്ള ജയറാം പക്ഷേ, അത്രയ്ക്കും ദുർബലനാവാൻ കഴിയില്ല. അങ്ങനെയാണ് ഞങ്ങൾ ദിലീപിലേക്ക് എത്തുന്നത്.
ദിലീപിന് അന്ന് തിരക്കായി വരുന്നതേയുള്ളൂ. അതുപോലെ മഞ്ജുവാര്യർ സമ്മർ ഇൻ ബത്ലഹേമിൽ അഭിനയിക്കുകയാണ്. ദിവ്യാഉണ്ണി വേറെ ഏതോ സിനിമയുടെ തിരക്കിലും.
അങ്ങനെ ദിലീപിനെ നായകനാക്കാൻ തീരുമാനിച്ചു. പിന്നെയുള്ളത് ഇന്നസെന്റും ജഗതിയുമാണ്. അവരുടെ തിരക്കുവച്ച് അഞ്ചു ദിവസം കിട്ടിയാൽ തന്നെ ഭാഗ്യം. ഞങ്ങൾക്കാണെങ്കിൽ അതുപോരാ. അങ്ങനെ കൊച്ചിൻഹനീഫയിലും ഹരിശ്രീ അശോകനിലും ഞങ്ങൾ എത്തി.
സിദ്ദിഖ് ലാലിലെ, ലാലേട്ടനും ഉണ്ടായിരുന്നു ഒരു മെയിൻ വേഷം. ലാലേട്ടൻ കളിയാട്ടം മാത്രമേ ചെയ്തിട്ടുള്ളൂ അന്നേവരെ. അങ്ങനെ ലാലേട്ടൻ ബഡാ ഭായിയായി.
പഞ്ചാബി ഹൗസിന്റെ മറ്റൊരു പ്രത്യേകത ഉൗമകൾ കൈവിരലുകൾ കാണ്ടു ആശയവിനിമയം നടത്തുന്ന സൈൻ ലാംഗ്വേജ് ആണ്.
അതിനു വേണ്ടി ഈ ഭാഷ അറിയാവുന്ന രണ്ടു പേർ ഷൂട്ടിങ്ങിന്റെ അവസാനം വരെ ഉണ്ടായിരുന്നു. മാത്രമല്ല മോഹിനി ആ ഭാഷ വളരെ പെട്ടെന്നു തന്നെ പഠിക്കുകയും ചെയ്തു- റാഫിമെക്കാർട്ടിൻ പറഞ്ഞു. -പിജി