കണ്ണൂർ: പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വൈകുന്നേരം ആറോടെയാണ് നാടോടി കുടുംബം കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയത്. കൊട്ടവഞ്ചിയിൽ മീൻപിടിക്കുന്ന സംഘത്തിലെ ഇരുപതുകാരിയെയാണ് കാണാതായത്.
ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ആദ്യം അങ്ങനെ പരാതി പറഞ്ഞെങ്കിലും, പിന്നീട് പോലീസ് പിടിച്ചുകൊണ്ടുപോയി എന്നും പറഞ്ഞു.
പരസ്പരവിരുദ്ധമായി ഇവർ കാര്യങ്ങൾ പറഞ്ഞപ്പോഴും ടൗൺ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിരുന്നു.
നഗരത്തിലെ മിക്ക സ്ഥലങ്ങളിലും പരിശോധിച്ചു. പരിശോധന തുടരുന്നതിനിടെ പോലീസ് ഇവരുടെ പക്കൽ നിന്ന് വിവരങ്ങൾ ആരായുന്നുണ്ടായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന അന്വേഷണത്തിനിടയിൽ നഗരത്തിൽ ഒരു ലോഡ്ജ് മുറിയിൽ മദ്യലഹരിയിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. പെൺകുട്ടിയെ വീട്ടുകാരെ ഏല്പിക്കുകയും ചെയ്തു.