പയ്യന്നൂർ: എം.സി. ഖമറുദ്ദീന് എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 22 ആയി.
കാസര്‍ഗോഡ് ബിലാല്‍നഗര്‍ മീത്തല്കുണിയയിലെ സി.എം.അബൂബക്കര്‍ ഹാജി നല്കിയ പരാതിയിലാണ് പുതിയ കേസ്. അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ മാനേജിംങ്ങ് ഡയറക്ടര്‍ പൂക്കോയ തങ്ങളില്‍ പഴിചാരിയുള്ള മൊഴികളാണ് ഖമറുദ്ദീന് നല്‍കുന്നത്.
2016 ഓഗസ്റ്റ് ആറിന് പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് ശാഖയില്‍ ലാഭവിഹിതമുള്‍പ്പെടെ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചുവെന്നാണ് അബൂബക്കര്‍ ഹാജിയുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി.ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടര്‍ പി.കെ. പൂക്കോയതങ്ങള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
ഇതോടെയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം 22 ആയത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ ഇതുവരെ 124 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ട 75 കേസുകളില്‍ റിമാന്റ് ചെയ്യപ്പെട്ട ഖമറുദ്ദീന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് സംഘം(എസ്ഐടി) ഖമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്തു വരികയാണ്.
താന്‍ കുറ്റക്കാരനല്ലെന്നും മാനേജിംഗ് ഡയറക്ടര്‍ പി.കെ.പൂക്കോയ തങ്ങള്‍ ചതിക്കുകയായിരുന്നുവെന്ന മൊഴികളാണ് ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതെന്നാണ് സൂചന.
എന്നാല്‍ നിക്ഷേപകര്‍ തെളിവായി നല്കിയ രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഖമറുദ്ദീന് മിണ്ടാട്ടമില്ലാത്ത അവസ്ഥയാണ്. ഒളിവില്‍ കഴിയുന്ന പൂക്കോയ തങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
പയ്യന്നൂരിലെ 13 കേസുകളുള്‍പ്പെടെ പ്രത്യേക അന്വേഷണസംഘം 116 കേസുകളിലാണ് അന്വേഷണം നടത്തുന്നത്. പയ്യന്നൂർ, ചന്തേര, കാസര്‍ഗോഡ് ടൗണ്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നിലവിലുള്ള കേസുകള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച്, കണ്ണൂര്‍ ക്രൈംബ്രാഞ്ച്, കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.