ശ്രീകണ്ഠപുരം: പത്ത് കുരുന്നുകളുടെ മരണത്തിന് കാരണമായ പെരുമണ്ണ് ദുരന്തത്തിന്റെ ഓർമ പുതുക്കി നാട്.
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരത്തെ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും കെ. സുധാകരൻ എംപി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു.
പുലർച്ചെ തന്നെ സഹപാഠികളും അധ്യാപകരും നാട്ടുകാരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
2008 ഡിസംബർ 4 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ പത്ത് വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വൈകുന്നേരം സ്കൂൾ വിട്ട് സംസ്ഥാന പാതയരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ നേരെ ക്രൂയിസർ ഇടിച്ചു കയറുകയായിരുന്നു.
എ. സാന്ദ്ര, പി.വി. മിഥുന, എൻ. വൈഷ്ണവ്, കെ. നന്ദന, പി. റംഷാന, പി.വി. അനുശ്രീ, പി.വി. അഖിന, പി. സോന, പി.കെ. കാവ്യ, കെ. സഞ്ജന എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ പി.വി. അനുശ്രീയും പി.വി. അഖിനയും സഹോദരങ്ങളാണ്.
മരിച്ചവരെല്ലാം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിൽ അടുത്തടുത്ത് ഇരിക്കുന്നവരായിരുന്നു. വീട്ടുമുറ്റത്തേക്ക് എത്താൻ നിമിഷ നേരം മാത്രമുള്ളപ്പോഴാണ് മിഥുനയെ മരണം തേടിയെത്തിയത്.
അപകടം നടന്ന് വർഷങ്ങൾക്ക് ശേഷം ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഒന്നര വർഷം മുമ്പാണ് വാഹന ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുൽ കബീറിനെ തലശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നാടിനെയാകെ നടുക്കിയ പെരുമണ്ണ് ദുരന്തം നടന്നിട്ട് പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി തേങ്ങലടങ്ങാത്ത മനസുമായി കഴിയുകയാണ് നാട്.
അപകടത്തിൽ പരിക്കേറ്റ് ഇന്നും ചികിത്സയിൽ തുടരുന്ന വിദ്യാർഥികളുടെ അവസ്ഥയും നാടിന്റെ വേദനയാണ്.
അപകടത്തിൽ മരണമടഞ്ഞ വിദ്യാർഥികളുടെ സംസ്കാര ചടങ്ങുകൾക്ക് സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നൽകുകയും അതേ സ്ഥലത്ത് സ്മൃതിമണ്ഡപം പണിയുന്നതിന് സമ്മതിക്കുകയും ചെയ്ത കൃഷ്ണവാര്യരുടെ വിയോഗവും വിയോഗവും ഓർമ പുതുക്കൽ വേളയിൽ നൊമ്പരമായി മാറുകയാണ്