വുഡ്ബ്രിഡ്ജ്, കലിഫോർണിയ: റിമോട്ട് ലേണിംഗ് ലെസണിന്റെ ഭാഗമായി സ്കൂൾ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ രണ്ടിനായിരുന്നു സംഭവം.
ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുവരികയായിരുന്ന പതിനൊന്നുകാരനായ ആഡൻ ലമോസിനെയാണ് വീട്ടിലെ മുറിയിൽ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ലാസ് നടക്കുന്നതിനിടയിൽ വീഡിയോയും ഓഡിയോയും നിർത്തിയ ശേഷമാണ് ആഡൻ സ്വയം വെടിവച്ചത്.
ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസെത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
മാനസിക തകർച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ ഓൺലൈൻ ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്നു വിദ്യാർഥിയുടെ സ്കൂൾ സപ്പോർട്ട് ഡയറക്ടർ പോൾ വാറൻ പറഞ്ഞു.
പാൻഡമിക്കിന്റെ ഭീതിയിൽ കഴിയുന്ന കുട്ടികൾക്കു സമൂഹവുമായി ഇടപെടുന്നതിനും കൂട്ടുകാരുമായി കണ്ടുമുട്ടുന്നതിനുമുള്ള സാഹചര്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതായി പോൾ പറഞ്ഞു. വളരെ അപകടം പിടിച്ച സാഹചര്യമാണ് വിദ്യാർഥികൾ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ