സ്വന്തം ലേഖകൻ
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജിലന്‍സിനു കൈമാറാന്‍ കോടതി ഉത്തരവ്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ എന്നിവർ ഉള്‍പ്പെടെയുള്ളവരുടെ വാട്സാപ്പ് സന്ദേശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണു നിർദേശം.
സ്മാര്‍ട് സിറ്റി, ലൈഫ് മിഷന്, കെ ഫോണ്‍ എന്നിവയടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്കു കൈമാറിയിട്ടുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്.
ലൈഫ് മിഷന് കരാറുകാരായ യൂണിടാക്കിന് ടെൻഡർ വിവരങ്ങള്‍ സ്വപ്ന ചോർത്തി നല്‍കിയെന്നും വ്യക്തമായി. ഇതുസംബന്ധിച്ച വാട്സാപ്പ് ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു.
അതേസമയം സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിനുശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നു വിജിലന്‍സ് അറിയിച്ചു.