കൊച്ചി: മുതിര്‍ന്ന പൗരന്മാര്ക്ക് സുരക്ഷിതവും സമാധാനപരവും മാന്യവുമായി ജീവിക്കാന്‍ വേണ്ടിവന്നാല്‍ മക്കളെ വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്ട് പ്രകാരം ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം അതീവ ജാഗ്രതയോടെ മാത്രമേ ഈ വ്യവസ്ഥ നടപ്പാക്കാവൂ എന്നും സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കത്തിന് ഈ വ്യവസ്ഥ ആയുധമാക്കരുതെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്ട് പ്രകാരം തന്നെ വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹര്‍ജിയില്‍ എതിര്‍കക്ഷിയായ മകന്റെ വാദം.
ഇതു തള്ളിയ ഹൈക്കോടതി വിഷയത്തില്‍ മുമ്പ് ജില്ലാ കളക്ടര്‍ നല്കിയ ഉത്തരവ് റദ്ദാക്കുകയായിരുന്നു. കക്ഷികളെ വീണ്ടും കേട്ട് വിഷയം പുനഃപരിശോധിച്ച് തീര്‍പ്പു കൽപ്പിക്കാനും കളക്ടര്‍ക്കു നിര്‍ദേശം നല്കി.
തുടര്‍ന്നാണ് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമത്തിലെ 19 (2)(1) വ്യവസ്ഥയനുസരിച്ച് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാന്‍ മക്കളെ വീട്ടില്‍നിന്ന് ഒഴിപ്പിക്കാനാവുമെന്നു വ്യക്തമാക്കിയത്.
എന്നാല്‍ ഇത് അനിവാര്യമാണെന്ന് അന്വേഷിച്ച് ഉറപ്പാക്കിയ ശേഷമേ നടപടി പാടുള്ളൂവെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി.
സമാധാനപരമായി ജീവിക്കാന്‍ വീടിന്റെ മുകളിലെ നിലയില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80 കാരന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.