കാട്ടാക്കട : ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുറ്റിച്ചൽ എരുമക്കുഴി അജിത് ഭവനിൽ എൽ. ഗോപാലനാണ് ഭാര്യ പത്മാക്ഷി (52)യെ പട്ടാപ്പകൽ കഴുത്തിനുവെട്ടി കൊന്നത്.
കൊലപാതകത്തിനുശേഷം ഭർത്താവ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. പെരുമഴയായതിനാൽ അയൽവാസികളൊന്നും സംഭവം അറിഞ്ഞില്ല.
പോലീസ് ഈ വിവരം തിരക്കുമ്പോഴാണ് കൊലപാതകവിവരം നാട്ടുകാർ അറിയുന്നത്. വീടിന്റെ അടുക്കളയിൽ വച്ചാണ് പത്മാക്ഷിയുടെ കഴുത്തിൽ വെട്ടിയത്.
കഴുത്തിൽ മൂന്ന് വെട്ടുകളുണ്ട്. മകൻ അജിത് വീട്ടിലുണ്ടായിരുന്നില്ല. മകൻ പുറത്തുപോയ സമയത്ത് ഗോപാലൻ കരുതികൂട്ടി തന്നെ ഇത് ചെയ്തതാകാമെന്ന് പോലീസ് പറയുന്നു.
മരണം ഉറപ്പിച്ചശേഷം ഇയാൾ പോലീസിൽ എത്തി വിവരം പറഞ്ഞ് കീഴടങ്ങുകയായിരുന്നു. സംശയരോഗമാണ് കൊലയ്ക്കു കാരണമെന്ന് സ്ഥലം സന്ദർശിച്ച നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ്കുമാർ അറിയിച്ചു.
ഭാര്യയിലുള്ള സംശയം വർധിച്ചതിനെ തുടർന്ന് ഇരുവരും ഇരു മുറികളിലാണ് കഴിഞ്ഞിരുന്നതെന്നും മാനസികമായി അകന്നിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു.
വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. അജിത്, മഞ്ജു എന്നിവർ മക്കളാണ്. ടാപ്പിംഗ് തൊഴിലാളിയാണ് ഗോപാലൻ.