കോട്ടയം: സ്പെഷൽ തപാൽ വോട്ട് ഇന്നലെ ജില്ലയിൽ ആരംഭിച്ചപ്പോൾ വലഞ്ഞത് ഉദ്യോഗസ്ഥർ. രണ്ടു സ്പെഷൽ പോളിംഗ് ഓഫീസർമാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന ടീമാണ് ബാലറ്റുമായി വോട്ടറെ തേടി വീട്ടിലെത്തിയത്.
സെപ്ഷൽ പോളിംഗ് ഓഫീസർമാർ പിപിഇ കിറ്റ് ധരിച്ചാണ് രഹസ്യ ബാലറ്റിൽ വോട്ടു രേഖപ്പെടുത്താൻ വോട്ടർമാരെ സമീപിച്ചത്. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരും ക്വാറന്റൈനിൽ കഴിയുന്നവരുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിശദ വിവരങ്ങൾ ശേഖരിച്ചതിനു ശേഷം വീട്ടുകാരെ ഫോണ് ചെയ്ത് അറിയിച്ചതിനു ശേഷമാണ് സ്പെഷൽ പോളിംഗ് ഓഫീസർമാരുടെ ടീം വീടുകളിലേക്ക് എത്തുന്നത്.
ഇന്നലെ ഉച്ച കഴിഞ്ഞ് ആരംഭിച്ച വോട്ടിംഗ് സംവിധാനത്തിനായി പല ടീമുകളായി തിരിഞ്ഞാണ് സ്പെഷൽ പോളിംഗ് ഓഫീസർമാർ വീടുകളിലേക്കെത്തിയത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാഞ്ഞത് ആദ്യം തന്നെ ഇവരെ വലച്ചു.
കിലോമീറ്ററുകളോളം നടന്നാണ് പല ടീമുകളും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകളിലേക്കെത്തിയത്.
സ്ഥലത്ത് എത്തിയതിനു ശേഷമാണ് പലടിയങ്ങളിലും രോഗി കോവിഡ് സെന്ററിലേക്കു മാറിയെന്നത് അറിയുന്നതു തന്നെ. വിവരങ്ങൾ നൽകുന്നതിലെ അപാകതയും വിവരങ്ങൾ അന്വേഷിക്കുന്പോൾ വോട്ടറുടെ വീട്ടുകാരുടെ നിഷേധ നിലപാടുമാണ് പലപ്പോഴും ഇവരെ വലയ്ക്കുന്നത്.
പിപിഇ കിറ്റ് ധരിച്ചെത്തുന്ന ഉദ്യോഗസഥർ വലിയ ശാരീരിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പരമാവധി നാലു മണിക്കൂർ മാത്രമേ പിപിഇ കിറ്റ് ധരിക്കാവൂ എന്നിരിക്കെയാണ് കൃത്യമായ ഡ്യൂട്ടി സമയത്തിന്റെ വ്യക്തതയില്ലായ്മ ഉദ്യോഗസ്ഥർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
പിപിഇ കിറ്റ് ധരിക്കുന്നത് സ്റ്റീം ചേന്പറിൽ കയറുന്ന അനുഭവമാണെന്നും ഇതു മണിക്കൂറുകൾ തുടരുന്പോൾ ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
രാവിലെ എട്ടു മുതലാണ് വോട്ടെടുപ്പിനായി വാർഡ് തിരിച്ച് വീടുകളുടെ എണ്ണം തിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് എഴുത്ത് ജോലി നടക്കുന്നതില്ലാത്തതിനാൽ ഉച്ചവരെ ഓഫീസിലിരുന്ന് അതു തീർത്തതിനു ശേഷമാണ് വോട്ടെടുപ്പിനിറങ്ങുന്നത്.
നാലു പേരുള്ള വീട്ടിൽ എല്ലാവരുടെയും വോട്ട് രഹസ്യമായി രേഖപ്പെടുത്തി സുരക്ഷിതമാക്കാൻ രണ്ടു മണിക്കൂറോളം വേണ്ടിവരുമെന്നും പറയുന്നു. രോഗികളുമായി അടുത്തിടപഴകേണ്ടി വരുന്നതിനാൽ അതീവ സുരക്ഷയാണ് ഉദ്യോഗസ്ഥർ കൈക്കൊള്ളുന്നത്.
എന്നാൽ രോഗികളും വോട്ടെടുപ്പിനെത്തുന്പോൾ പിപിഇ കിറ്റ് ധരിക്കുമെന്നറിയിച്ചിരുന്നെങ്കിലും മിക്കയിടത്തും അതില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
സ്പെഷൽ പോളിംഗ് ഓഫീസർമാർ പിപിഇ കിറ്റ് ധരിക്കുന്നുണ്ടെങ്കിലും ഒപ്പമുള്ള ഡ്രൈവർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിക്കേണ്ടി വരുന്നത് സുരക്ഷാ സംവിധാനത്തിനു വെല്ലുവിളിയാണെന്നും ഇവർ ഓർമപ്പെടുത്തുന്നു.