കോട്ടയം: ക്രെയിൻ ഡ്രൈവറിൽനിന്ന് 22-ാം വയസിൽ ജനവിധി തേടുന്ന സ്ഥാനാർഥിയാകുന്പോൾ പാലാ സ്വദേശി അമൽ ഷാജിയ്ക്കു പ്രതീക്ഷ വാനോളം.
കരൂർ പഞ്ചായത്ത് നാലാം വാർഡായ അന്ത്യാളത്താണ് യുഡിഎഫ് സ്ഥാനാർഥിയായി അമൽ ഷാജി മത്സരിക്കുന്നത്. ഗോദയിൽ മാറ്റുരയ്ക്കാനെത്തുന്നവരേക്കാൾ ജൂനിയറായ ഷാജി ബിരുദ പഠനം പൂർത്തിയാക്കിയശേഷം പാലായിലെ സ്വകാര്യ ടിംബർ കന്പനിയിലെ ക്രെയിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റിൽ ചെണ്ട ചിഹ്നത്തിലാണ് അമൽ മത്സരിക്കുന്നത്. വളയം പിടിച്ച കൈകകളിൽ നിന്നും തൊഴു കൈകളോടെ വോട്ടറുടെ മുന്നിലേക്കെത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ കാരണം ഇപ്പോൾ ക്രെയിൻ ഓടിക്കാൻ പോകുന്നില്ല. മുഴുവൻ സമയവും വീടുകയറിയുള്ള പ്രചാരണമാണെന്ന് അമൽ പറയുന്നു.
അന്ത്യാളം വട്ടക്കുന്നേൽ ഷാജിയുടെയും ജെയിനിയുടെയും മകനായ അമൽ തെരഞ്ഞെടുപ്പിൽ വലിയ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ വലിയ വാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് ലഭിച്ച അമലിനു സ്വന്തമായി ലോറിയുമുണ്ട്.
എൽഡിഎഫ് സ്ഥാനാർഥിയായി ലിന്റൻ ജോസഫും ബിജെപി സ്ഥാനാർഥിയായി രാജേഷും ഒഐഒപി സ്ഥാനാർഥിയായി മൈക്കിൾ ജോർജുമാണ് അമലിനൊപ്പം മത്സരിക്കുന്നത്.