ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: ശരീരത്തെ കീഴടക്കാനെത്തിയ അർബുദത്തോടായിരുന്നു സജിയുടെ ആദ്യ മൽസരം. ഇപ്പോൾ സജി ചെന്പകശേരിൽ കുമാരമംഗലം പഞ്ചായത്ത് 12-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വീണ് കൈയ്ക്ക് പരിക്കേറ്റെങ്കിലും പ്ലാസ്റ്ററിട്ട കൈയുമായി സജി പ്രചാരണ തിരക്കിലാണ്. കോണ്ഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറിയാണ് സജി ചെന്പകശേരിൽ.
മൂന്നു വർഷം മുന്പ് കൈയുടെ മസിലിലാണ് അർബുദം പിടിപെട്ടത്. അർബുദ രോഗത്തെതുടർന്ന് കൈകൾ വളഞ്ഞു പോയി. തുടർന്ന് ശ്വാസകോശത്തെയും ബാധിച്ചു. തിരുവനന്തപുരം ആർസിസിയിലെ ഏറെ നാളത്തെ ചികിൽസയെ തുടർന്ന് രോഗത്തിന് ശമനമുണ്ടായി.
ഇപ്പോഴും മരുന്നുകൾ തുടരുന്നുണ്ടെങ്കിലും രോഗം ഇപ്പോൾ സജിയെ അലട്ടുന്നില്ല. എന്നാൽ ആർസിസിയിൽ എത്തുന്ന കാൻസർ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സജിയുടെ ഉള്ളുലച്ചു.
പിന്നീടാണ് കാൻസർ രോഗികളെ സഹായിക്കാനുള്ള സന്നദ്ധത ഏറ്റെടുത്തു തുടങ്ങിയത്. ചികിൽസ ആവശ്യമുള്ളവരെ വീട്ടിൽ നിന്നും വാഹനത്തിൽ ആർസിസിയിൽ എത്തിച്ച് ചികിൽസയും താമസവും ഭക്ഷണവുമെല്ലാം ഉറപ്പാക്കി തിരികെയെത്തിക്കുന്നതു വരെയുള്ള ഉത്തരവാദിത്വം സജി ഏറ്റെടുക്കും.
ആശുപത്രിയിൽ പോകാനുള്ള സാന്പത്തിക ശേഷിയില്ലാത്ത ഒട്ടേറെപേർക്ക് സജി സഹായഹസ്തവുമായെത്തി. സഹായമഭ്യർഥിച്ച് എവിടെ നിന്ന് വിളിയെത്തിയാലും സജി ഓടിയെത്തിയിരിക്കും. ഇവരുടെ ജാതിയോ രാഷ്ടീയമോ സജി നോക്കാറുമില്ല.
മദർ ആന്റ് ചൈൽഡിലെ കുട്ടിയ്ക്കും മാതാവിനും വീടു നിർമിക്കാനായി തന്റെ വീടിനു സമീപം മൂന്നു സെന്റ് സ്ഥലം നൽകി. അവിടെ പലരുടെയും സഹായത്താൽ വീടും നിർമിച്ചു.
വാഹനത്തിൽ വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതും ചെറിയ കോൾഡ് സ്റ്റേറേജ് നടത്തുന്നതുമാണ് വരുമാന മാർഗം. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ മുഖ്യപങ്കും ചെലവഴിക്കുന്നത് കാരുണ്യ പ്രവർത്തനങ്ങൾക്കാണ്.
വർഷങ്ങളായി പൊതുരംഗത്തുണ്ടെങ്കിലും തെരഞ്ഞടുപ്പിൽ മൽസരിക്കുന്നത് ആദ്യമാണ്. ഏതാനും ദിവസം മുന്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട്ടിലെ വളർത്തു നായ ദേഹത്ത് ചാടിക്കയറിയപ്പോൾ തെന്നി വീണാണ് കൈക്ക് പരിക്കേറ്റത്.