പൊൻകുന്നം: ആദ്യകാല തെരഞ്ഞെടുപ്പുകളിലെ കൗതുകക്കാഴ്ചയായിരുന്നു ഉച്ചഭാഷിണി. “സ്ഥാനാർഥിയുടെ പ്രസംഗത്തിന് ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ്’ എന്ന് നോട്ടീസിൽ അച്ചടിച്ചിരുന്ന കാലമായിരുന്നു 1960 കളിലെ തെരഞ്ഞെടുപ്പിന്.
ഈ ഓർമകൾ പങ്കുവയ്ക്കുന്നത് 88 വയസ് പിന്നിട്ട ഇളമ്പള്ളി വട്ടക്കുഴി വി.ടി. ആന്റണിയാണ്.എല്ലാ സ്ഥാനാർഥികൾക്കും മൈക്ക് സെറ്റ് സംഘടിപ്പിക്കാൻ പണമുണ്ടാകാറില്ല.
മൈക്ക് കിട്ടണമെങ്കിൽ കോട്ടയത്തിന് പോകണം. അത്തരം സാഹചര്യത്തിൽ മൈക്കുള്ള സമ്മേളനങ്ങൾ നാട്ടുകാർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് കൗതുകമായിരുന്നു. ഉച്ചഭാഷിണിയുണ്ടെന്ന് നോട്ടീസിലുണ്ടെങ്കിൽ അന്നാട്ടുകാർ മുഴുവൻ കേൾക്കാനെത്തും.
സ്ഥാനാർഥിക്കും നേതാക്കൾക്കും ഉച്ചഭാഷിണിയിലൂടെയുള്ള പ്രസംഗം ആവേശമായിരുന്നു.1953 ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വീറുംവാശിയുമേറി. കോൺഗ്രസായിരുന്നു മുഖ്യകക്ഷി. കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു ആന്റണി.
എതിരാളികളെ കണക്കറ്റ് പരിഹസിക്കുന്ന രീതി. അതായിരുന്നു എല്ലാവരും സ്വീകരിച്ചത്. അതിന് കഥാപ്രസംഗം, പാരഡിപ്പാട്ടുകൾ എന്നിവയൊക്കെയുണ്ട്. പ്രചാരണത്തിന് തുള്ളൽപ്പാട്ടുകൾ എഴുതുകയും അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആന്റണി.
കോൺഗ്രസിന്റെ ചിഹ്നം നുകംവച്ച കാളകളായിരുന്നു. കാളപ്പെട്ടി, കുതിരപ്പെട്ടി, ആനപ്പെട്ടി എന്നിങ്ങനെ ഓരോ പാർട്ടിക്കും പ്രത്യേകം പെട്ടി ബൂത്തിൽ വയ്ക്കും.
ചിഹ്നം പെട്ടിയുടെ വശത്ത് പതിച്ചിട്ടുണ്ടാവും. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് എല്ലാ സ്ഥാനാർഥികൾക്കും കൂടി ഒരു ബാലറ്റ് പെട്ടിയായത്.