ജയ്പുർ: വിവാഹത്തിനു തൊട്ടുമുന്‍പു വധുവിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ചു വിവാഹ ചടങ്ങുകൾ നടത്തി. രാജസ്ഥാനിലാണു സംഭവം.
വിവാഹത്തിന്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കോവിഡ് സെന്ററിലായിരുന്നു പുതുമകളുള്ള ഈ വിവാഹം. വധുവും വരനും പൂജാരിയുമൊക്കെ പിപിഇ കിറ്റിലാണ്.
വിവാഹ പൂജയും താലികെട്ടും ഉൾപ്പെടെയുള്ള ചടങ്ങുകളും വധുവരൻമാർ നിർവഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണു വരൻ പരന്പരാഗത തലപ്പാവ് ധരിച്ചത്. വധു ആടയാഭരങ്ങൾക്ക് പുറമേയാണ് പിപിഇ കിറ്റ് ധരിച്ചത്.