തിരുവനന്തപുരം: ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ തിരുവനന്തപുരത്തെ വിതരണകേന്ദ്രത്തിൽ തിക്കും തിരക്കും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് നിയന്ത്രണം ലംഘിച്ചു തിരക്കുണ്ടായത്.
പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്ക് പോലും ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന അനൗണ്‍സ്മെന്റും ഇല്ല.
തെരഞ്ഞെടുപ്പിലുടനീളം കോവിഡ് മാനദണ്ഡം പാലിക്കുമെന്ന് പറയുന്നതിനിടെയാണ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായത്.
ജില്ലയിലെ 16 കേന്ദ്രങ്ങളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 3,281 പോളിംഗ് സ്റ്റേഷനുകളാണു വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ളത്.
വോട്ടെടുപ്പിനു ശേഷം പ്രിസൈഡിംഗ് ഓഫീസർമാർ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും മറ്റു സാമഗ്രികളും ഇതേ കേന്ദ്രത്തിൽത്തന്നെ തിരികെയേൽപ്പിക്കണം.
ഈ കേന്ദ്രങ്ങളിൽവച്ചാണ് അതതു തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ ഇവിടങ്ങളിൽ അതീവ സുരക്ഷയിൽ തയാറാക്കുന്ന സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും.