നവാസ് മേത്തർ
തലശേരി: കേരള ബാർ കൗൺസിലിൽ നടന്നിട്ടുള്ളത് 30 കോടിയുടെ വെട്ടിപ്പാണെന്നും തട്ടിപ്പ് സംബന്ധിച്ച് 2018ൽ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് വൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള പ്രഹസനം മാത്രമായിരുന്നുവെന്നും ഹൈക്കോടതിയിൽ ഹർജിക്കാർ പറഞ്ഞു.
ബാർ കൗൺസിൽ തട്ടിപ്പ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് തലശേരിയിലെ അഭിഭാഷകൻ സി.ജെ അരുൺ അഡ്വ.ടി. ആസിഫലി മുഖാന്തിരം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദത്തിനിടയിലാണ് വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് വാദിഭാഗം ചൂണ്ടിക്കാണിച്ചത്.
ക്ഷേമനിധി കണക്കുകൾ സംബന്ധിച്ച് ബാർ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച സെക്രട്ടറിക്കെതിരേ കേസെടുക്കാതെ രക്ഷപ്പെടുത്തി. 2007മുതൽ ഓഡിറ്റ് നടത്താതെ ബാർ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് ആറു കോടി എഴുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ അഭിഭാഷക ക്ഷേമനിധിയിൽനിന്ന് തട്ടിയെടുത്തതായിട്ടാണ് വിജിലൻസ് കേസിലെ പ്രധാന ആരോപണം.
ക്ഷേമ നിധി സ്റ്റാമ്പ് വില്പന സംബന്ധിച്ചോ ജീവനക്കാരുടെ ശന്പള രജിസ്റ്റർ പോലും സൂക്ഷിക്കാതെ നടന്ന വൻ അഴിമതിയിൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ടിലെ ആറേമുക്കാൽ കോടി രൂപയുടെ തട്ടിപ്പ് അഴിമതിയുടെ മഞ്ഞുമലയിലെ ഒരു അറ്റം മാത്രമാണ്. തട്ടിയെടുത്ത തുക 30 കോടി വരുമെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
2010 ജൂൺ 30 വരെ വിൽപ്പന നടത്തിയ സ്റ്റാമ്പിലെ കൃത്രിമം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തി നാൽപ്പത്തിയേഴായിരം വരുമെന്നാണ് വിജിലൻസിലെ പ്രാഥമിക വിവര റിപ്പോർട്ടിലുള്ളത്. ബാങ്കിൽ പണം നിക്ഷേപിച്ച രസീതുകൾ മൊത്തത്തിൽ കാണാതായത് ധനാപഹരണത്തിന്റെ ആഴം സൂചിപ്പിക്കുന്നു.
മരണമടഞ്ഞ കുടുംബാംഗങ്ങൾക്കുള്ള പണം വ്യാജ പേരിൽ നൽകി. ക്ഷേമനിധി നിയമം 10 (4) വകുപ്പനുസരിച്ച് വർഷാന്ത ഓഡിറ്റ് നിർബന്ധമാണ്. 2007 മുതൽ ഓഡിറ്റ് നടന്നിട്ടില്ല. ഇക്കാര്യത്തിൽ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും ബാർ കൗൺസിൽ അംഗങ്ങൾക്കുമുള്ള കുറ്റകരമായ ബാധ്യതയിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല.
വിജിലൻസ് അന്വേഷണം ബാർ കൗൺസിൽ സെക്രട്ടറിയേയും അംഗങ്ങളേയും വെള്ള പൂശാനുള്ള ശ്രമം മാത്രമാണ്. ക്ഷേമനിധി നിയമം 11 വകുപ്പ് പ്രകാരം ബാർ കൗൺസിലിന്റെ മുഴുവൻ പ്രമാണങ്ങളുടേയും സൂക്ഷിപ്പുകാരനും അക്കൗണ്ട് കൈകാര്യം ചെയ്യേണ്ടേ മുഖ്യ ഉദ്യോഗസ്ഥനും സെക്രട്ടറിയായിരിക്കെ സെക്രട്ടറിയെ പ്രതിയാക്കാതെ നടന്നിട്ടുള്ള വിജിലൻസ് അന്വഷണം പ്രഹസനമാണെന്ന് ബോധ്യപ്പെടുന്നതാണ്.
സർക്കാർ പ്രസിൽ നിന്നും അച്ചടിച്ച സ്റ്റാമ്പിനേക്കാൾ എത്രയോ കോടി രൂപയുടെ സ്റ്റാമ്പുകൾ വിതരണം ചെയ്തതായാണ് ഓഡിറ്റർ കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ വ്യാജ സ്റ്റാമ്പ് നിർമാണം നടന്നതായി വ്യക്തമാകുന്നതായി അഡ്വ. ആസിഫലി കോടതിയിൽ പറഞ്ഞു.
സ്റ്റാമ്പ് രജിസ്റ്റർ സൂക്ഷിക്കാതെ വർഷങ്ങളോളം സ്റ്റാമ്പ് വിൽപ്പന നടത്തി തട്ടിപ്പിന് അവസരമൊരുക്കി. സ്റ്റാമ്പുകൾ പണമീടാക്കി മാത്രമേ നൽകാവൂവെന്ന നിയമ വ്യവസ്ഥ നിലനിൽക്കെ സംസ്ഥാനത്തെ ബാർ അസോസിയേഷനുകളിൽ നിന്നും
സ്റ്റാമ്പ് നൽകിയ ഇനത്തിൽ അഞ്ച് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി തെണ്ണൂറായിരം രൂപ ലഭിക്കാനുണ്ടെന്നതും ഇത് സംബന്ധിച്ച് രേഖകളൊന്നും ബാർ കൗൺസിലിൽ ഇല്ലായെന്നതും തട്ടിപ്പിന്റെ ആഴം വർധിപ്പിക്കുന്നു.
തട്ടിപ്പ് സംബന്ധിച്ച് അന്വേഷണത്തിനായി കേന്ദ്ര ബാർ കൗൺസിൽ നിയമിച്ച രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കമ്മറ്റിയുടെ ഇടക്കാല ഉത്തരവ് അഴിമതിയുടെ ഗൗരവം വ്യക്തമാക്കുന്നുവെന്നും വിജിലൻസും ബാർ കൗൺസിലും ചേർന്ന് ഈ അന്വേഷണത്തെ അട്ടിമറിച്ചതായും ഹർജിക്കാർ ആരോപിക്കുന്നു.
ഉന്നതർ ഉൾപ്പെട്ടതും ഏറെ ഗൗരവമുള്ളതുമായ ഈ കേസിൽ സിബിഐ അന്വഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരുകയുള്ളൂവെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. ആറ് മാസത്തിനിടയിൽ നിരവധി തവണ മാറ്റിവെച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ഇരു ഭാഗത്തിന്റെ വാദം പൂർത്തിയായത്. കേസ് വിധി പറയുന്നതിനായി മാറ്റി.