കോട്ടയം: ജില്ലയിൽ ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിച്ചു.
മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിൽ കാറും ബസും കൂട്ടിയിടിച്ചു കാർ യാത്രക്കാരനായ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആഷിഷ് ജോസ് (27), മേലുകാവ് മുട്ടം റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മേലുകാവ് കാഞ്ഞിരംകവല ചെന്പൻപ്ലാക്കൽ ചാൾസ് (32) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 8.45ന് ദേശീപാതയിൽ മുപ്പത്തിയൊന്നാം മൈലിലെ വേ ബ്രിഡ്ജിനു സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ കാറിലുണ്ടായിരുന്ന പൊടിമറ്റം പരിന്തിരിക്കൽ ബിബിൻ ബോസ്(25), പാലാ തറക്കുന്നേൽ ഉണ്ണി(35) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ബിബിനെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും ഉണ്ണിയെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരണപ്പെട്ട ആഷിഷിന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലായിൽ പുത്തൻ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ആഷിഷും സുഹൃത്തുക്കളും ചേർന്ന് ബിസിനസ് ആവശ്യങ്ങൾക്കു പോകുന്പോഴാണ് അപകടമുണ്ടായത്.
ഇന്നലെ മേലുകാവ് മുട്ടം റോഡിൽ കാഞ്ഞിരംകവലയിൽ നിന്നും മുട്ടം ഭാഗത്തേക്കു പോകുകയായിരുന്നു ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു തോട്ടത്തിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ ചാൾസിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും പരിക്കേറ്റിരുന്നു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.