കൊലയ്ക്കു മറുകൊല എന്ന രീതി ദാവൂദിനും ഛോട്ടാ രാജനും ഇടയിൽ തുടർന്നുകൊണ്ടേയിരുന്നു.
ദാവൂദുമായി ചേർന്നു പ്രവർത്തിക്കുന്പോഴും ഛോട്ടാ രാജന്റെ മനസിൽ മറ്റൊരു പ്രതികാരം ശക്തമായിരുന്നു. തന്റെ ഗുരു ബഡാരാജനെ കൊന്നവരെ തീർക്കുക എന്നതായിരുന്നു അത്.
ബഡാ രാജന്റെ കൊലയാളികളിൽ പ്രധാനിയും കാസർഗോഡുകാരനുമായ അബ്ദുൾ കുഞ്ഞിനെ 1985ൽ ഛോട്ടാ രാജനും സംഘവും വെടിവച്ചു കൊന്നു. ഏറെ കാത്തിരുന്നാണ് ഇയാളെ വകവരുത്തിയത്.
അബ്ദുൾ കുഞ്ഞ് ക്രിക്കറ്റ് കളി പ്രേമിയായിരുന്നു. ഇയാൾ ഒരു ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കുന്പോഴാണ് നൂറുകണക്കിനു കാണികൾ നോക്കി നിൽക്കേ ഛോട്ടാരാജനും സംഘവും അയാളെ വെടിവച്ചു കൊലപ്പെടുത്തിയത്.
അബ്ദുൾ കുഞ്ഞിനോടൊപ്പം ബഡാ രാജനെ കൊലപ്പെടുത്താൻ പങ്കു വഹിച്ച മറ്റൊരാളാണ് ചന്ദ്രശേഖർ സഫാലി. ഇയാളെയും ഛോട്ടാ രാജന് പിന്നീടു തട്ടിക്കൊണ്ടുപോയി വകവരുത്തി.
ദാവൂദുമായി തെറ്റുന്നു
മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദുമായി ഛോട്ടാ രാജൻ പിരിഞ്ഞു. പിന്നീട് ഇവർ വലിയ ശത്രുതയിലേക്കു പോകുന്നതാണു കണ്ടത്. ഇതോടെ കടുത്ത ചോരക്കളികൾക്കാണ് മുംബൈ സാക്ഷ്യംവഹിച്ചത്.
കൊലയും പ്രതികാരവുമൊക്കെ തുടരെ തുടരെ നടന്നു. മുംബൈ സ്ഫോടന പരന്പരയിൽ ദാവൂദ് പ്രതിയായതു മാത്രമല്ല ഇവർ പിരിയാൻ കാരണം. മറ്റൊരു കാരണം കൂടിയുണ്ട്.
അത് 400 കോടി രൂപയുടെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ദാവൂദ് നടത്തിയ ഈ ഇടപാട് കസ്റ്റംസുകാർക്കു ചോർന്നു കിട്ടുകയും സ്വർണം ദാവൂദിനു നഷ്ടമാകുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം ദാവൂദ് നടത്തി.
സ്വർണക്കടത്ത് വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികം കസ്റ്റംസുകാർ നൽകിയത് അടുത്ത അനുയായി കൂടിയായ ത്വയ്യിബിന്റെ ഭാര്യയ്ക്കാണെന്നു ദാവൂദ് മനസിലാക്കി.
ഒരാഴ്ചയ്ക്കകം ദാവൂദ് സംഘം ത്വയ്യിബിനെ മുംബൈ ജയിൽ റോഡിനു സമീപം വെടിവച്ചു കൊലപ്പെടുത്തി. ഇതിനിടെ, ത്വയ്യിബിനു പിന്നിൽ ഛോട്ടാ രാജനാണെന്നു മനസിലാക്കിയ ദാവൂദ് ഛോട്ടാരാജനെ ഒറ്റുകാരനായി പ്രഖ്യാപിക്കുകയും ചെയ്തു.
വിട്ടുകൊടുക്കാതെ ഛോട്ടാരാജനും
ത്വയ്യിബിനെ കൊലപ്പെടുത്തിയതു ഛോട്ടാരാജനെ കോപാകുലനാക്കി. ദാവൂദ് സംഘത്തോടു പ്രതികാരം ചെയ്യാനയാൾ തീരുമാനിച്ചു. ദാവൂദ് സംഘത്തിലെ നാലു പേരെ വകവരുത്തിയാണ് രാജന് തിരിച്ചടിച്ചത്.
ഇതിനു പ്രതികാരമായി ഛോട്ടാ രാജന്റെ അനുയായികളിൽ പ്രധാനികളായ മൂന്നു പേരെ വകവരുത്താൻ ദാവൂദ് നിർദേശം നൽകി. ദാവൂദിന്റെ ക്വട്ടേഷൻ ഏറ്റെടുത്തു സുനിൽ സാവന്ത് എന്ന ക്രിമിനൽ ഛോട്ടാ രാജന്റെ മൂന്നു പ്രധാന അനുയായികളെ കൊലപ്പെടുത്തി.
ഇതോടെ ഛോട്ടാ രാജന്റെ പക സാവന്തിലായി. ഒരു പകല് വെളിച്ചത്തില് ദുബായിലെ ഹോട്ടലിനു മുന്നിൽ സാവന്തിനെ കൊലപ്പെടുത്തി.
കൊലയ്ക്കു മറുകൊല എന്ന രീതി ദാവൂദിനും ഛോട്ടാ രാജനും ഇടയിൽ തുടർന്നുകൊണ്ടേയിരുന്നു.
ദാവൂദ് ഒന്നടിച്ചാൽ രണ്ടു തിരിച്ചടിക്കുന്ന പ്രതികാരദാഹിയായിരുന്നു ഛോട്ടാ രാജനും. ദാവൂദും ഛോട്ടാ രാജനും തമ്മിലുള്ള ഏറ്റമുട്ടലിൽ ദാവൂദിന്റെ ഷാർപ്പ് ഷൂട്ടറായ നിരവധി ക്രിമിനലുകളെ ദാവൂദ് സംഘത്തിനു നഷ്ടപ്പെട്ടു.
ഛോട്ടാ രാജനെ എങ്ങനെയും തീർക്കുക എന്നതു ദാവൂദിന്റെ വലിയൊരു മോഹമായി മാറി. 1993 മുംബൈ സ്ഫോടന പരന്പരയിൽ ദാവൂദിന്റെ പങ്ക് സംബന്ധിച്ചു ചില നിർണായക വിവരങ്ങൾ ഛോട്ടാ രാജൻ ഇന്ത്യക്കു കൈമാറിയിരുന്നു. ഇതും ഛോട്ടാ രാജനോടുള്ള ദാവൂദിന്റെ പക കൂട്ടി.
(തുടരും).