ജനീവ: കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്നു രാജ്യങ്ങളോടു ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നതു തെറ്റായ വഴിയാണെന്നു ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു.
വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്. ജനങ്ങളുടേതാവണം അന്തിമ തീരുമാനം. കൊറോണ വൈറസിനെതിരെയുള്ള വാക്സിനേഷൻ കാന്പയ്നുകൾ എങ്ങനെ നടത്തണമെന്നു രാജ്യങ്ങളെ ബോധവത്കരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ബ്രിട്ടനിൽ ഫൈസർ, ബയോണ്‍ടെക് വാക്സിനുകൾ നൽകിത്തുടങ്ങുന്ന പശ്ചാത്തലത്തിലാണു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. എട്ടുലക്ഷം പേർക്കാണ് ആദ്യ ആഴ്ച വാക്സിൻ നൽകുക.
അതേസമയം കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടു പൂന സെറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.