ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അർധരാത്രിയിൽ പ്രേതബാധശല്യം ഉണ്ടെന്നു കാട്ടി പരാതി കൊടുത്തത്
പരിഗണിക്കാതിരുന്ന അഡ്മിനിസ്ട്രേറ്ററോട് മോശമായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ജീവനക്കാരൻ എത്തി സസ്പെൻഷൻ ഓർഡർ കൈപ്പറ്റുകയും മാപ്പ് അപേക്ഷ നൽകുകയും ചെയ്തു.
എന്നാൽ മാപ്പ് അപേക്ഷ പരിഗണിക്കുന്നതിനെക്കുറിച്ച് അധികൃതർ തീരുമാനമെടുത്തില്ല. ക്വാർട്ടേഴ്സിൽ അർധരാത്രിയിൽ പ്രേതബാധ ശല്യമുണ്ടെന്നും അതുകൊണ്ട് മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ജീവനക്കാരൻ കോളജ് അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ നൽകി.
താൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വർഷങ്ങൾക്കു മുന്പ് ഒരു ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അർധരാത്രിയിൽ ഇവർ ഇറങ്ങി വരുന്നത് താൻ കണ്ടെന്നും അതിനാൽ തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്നും മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്നുമായിരുന്ന ജീവനക്കാരന്റെ ആവശ്യം.
അപേക്ഷ നോക്കിയശേഷം ഇക്കാലത്ത് ആരെങ്കിലും പറയുന്ന കാര്യമാണോ ഇതെന്നും അതിനാൽ, കെട്ടിടത്തിന് ചോർച്ചയോ, മറ്റെന്തെങ്കിലും കാരണമോ എഴുതി തന്നാൽ ക്വാർട്ടേഴ്സ് മാറ്റിത്തരാമെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.
ക്ഷുഭിതനായ ജീവനക്കാരൻ അദേഹത്തോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. തുടർന്ന് അഡ്മിനിസ്ട്രേറ്റർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെ ജീവനക്കാരനെ സൂപ്രണ്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു.