കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബർ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് എക്സ്റ്റെൻഷൻ റിപ്പോർട്ടിൽ പറയുന്നത്. ശിവശങ്കറിന് സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നും കസ്റ്റംസ് വാദിച്ചു.
ശിവശങ്കർ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവച്ചിട്ടുണ്ടെന്നും ഇതു രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
ഡോളർ കടത്തുകേസിൽ സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടി നൽകിയിരുന്നു. സ്വപ്നയേയും സരിത്തിനേയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.
ഡോളർ കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് പറയുന്നത്.സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.
ഡോളർ കടത്തിൽ വിദേശ പൗരൻമാർക്കും പങ്കുണ്ട്. ഇവർക്കെതിരെയും അന്വേഷണം വേണം. സ്വപ്നയും സരിത്തും നൽകിയ മൊഴികൾ ഗുരുതര സ്വഭാവമുള്ളതാണ്. ഈ മൊഴികൾ പുറത്തുവന്നാൽ ഇവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് പറയുന്നു.