കേളകം(കണ്ണൂർ): കേളകത്തെ ബിന്ദു ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരകനെ പോലീസ് തിരിച്ചറിഞ്ഞു.
കോഴിക്കോട് ചാലിയം സ്വദേശിയുടെ നേതൃത്വത്തിലാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾ കർണാടകത്തിലേക്ക് കടന്നതായാണ് സൂചന.
പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചാലിയം സ്വദേശിയാണ് ഇയാളിൽ നിന്നും കാർ വാടകയ്ക്ക് എടുത്തത്. കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
സംഭവത്തിനുപിന്നിൽ അന്തർസംസ്ഥാന മോഷണസംഘമാണെന്നും സംശയമുണ്ട്. ബിന്ദു ജ്വല്ലറിയിലും അതേ ദിവസം മണത്തണയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മോഷണം നടന്ന് മൂന്നാംനാൾ വാഹനം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. നവംബർ 30ന് പുലർച്ചെ 2.30നാണ് കേളകത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്.
ഷട്ടർ കന്പിപ്പാര ഉപയോഗിച്ച് ഉയർത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അകത്തുകയറിയ സംഘം ലോക്കർ കുത്തി തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പുലർച്ചെ 3.30നാണ് മണത്തണയിലെ കടയിൽ മോഷണം നടന്നത്.
ഇവിടെയും സമാന രീതിയിൽ ഷട്ടർ തുറക്കുകയായിരുന്നു. ഇരുസ്ഥലങ്ങളിലും സിസിടിവി ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നെങ്കിലും പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
പുലർച്ചെ ഷട്ടർ തകർത്തത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. കേളകം സിഐ പി.വി.രാജൻ, പേരാവൂർ സിഐ പി.ബി സജീവൻ, കേളകം പ്രിൻസിപ്പൽ എസ്ഐ ടോണി ജെ. മറ്റം, എസ്ഐ കുട്ടികൃഷ്ണൻ, പേരാവൂർ എസ്ഐ വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.