പൊൻകുന്നം: തെഞ്ഞെടുപ്പ് ദിവസങ്ങളിൽ അനധികൃത വില്പന നടത്താനായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ മദ്യം പിടിച്ചെടുത്തു. പൊൻകുന്നം പുതുപ്പറന്പിൽ പി.ജെ.മനോജി(44)നെയാണ് 100 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യവുമായി എക്സൈസ് പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ആനിവേലി-തന്പലക്കാട് റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കാറിൽ എത്തിയ മനോജിനെ എക്സൈസ് അധികൃതർ പരിശോധിച്ചതോടെയാണ് കാറിൽ സൂക്ഷിച്ചിരുന്ന മദ്യ കുപ്പികൾ കണ്ടെത്തിയത്.
മദ്യം ലഭിക്കാതെ വരുന്ന തെരഞ്ഞെടുപ്പ് ദിനങ്ങളിൽ കൂടിയ വിലയ്ക്കു വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്നതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അര ലിറ്ററിന്റെ നൂറു കുപ്പിയാണ് കാറിലുണ്ടായിരുന്നത്. കാറും കസ്റ്റഡിയിലെടുത്തു.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ്കുമാർ, പ്രിവന്റീവ് ഓഫീസർ ജെയ്സണ് ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, റോയ് വർഗീസ, ഡ്രൈവർ ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.