1997നും 1998നും ഇടയ്ക്ക് തനിക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ദാവൂദ് ഇബ്രാഹിമിനെ വകവരുത്താൻ ഛോട്ടാ രാജന്റെ സംഘം കറാച്ചിയിലെത്തിയിരുന്നു.
നേപ്പാൾ പാസ്പോർട്ട് സംഘടിപ്പിച്ച രാജന്റെ സംഘം തുണിക്കച്ചവടക്കാർ എന്ന വ്യാജേനയാണ് കറാച്ചിയിലെത്തിയത്. ദാവൂദിന്റെ താമസസ്ഥലത്തുവരെ ഇവർ എത്തിയെങ്കിലും ദാവൂദ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
പിന്നീട് ദാവൂദിന്റെ മകളുടെ കബറിടത്തിൽ എത്തിയ രാജൻസംഘത്തിന്റെ കൈയിൽനിന്നും ദാവൂദ് രക്ഷപ്പെട്ടിരുന്നു. കറാച്ചിയിൽ പഴയ പ്രതാപം ദാവൂദിന് ഇപ്പോഴില്ലായെന്നു ഛോട്ടാ രാജന് അറിയാമായിരുന്നു.
ഇതു മുതലാക്കി പല ഘട്ടത്തിലും ദാവൂദിനെ ഇല്ലാതാക്കാൻ രാജൻ സംഘം ശ്രമിച്ചെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. പക്ഷേ, ഇതോടെ ഒരു കാര്യം ദാവൂദ് ഉറപ്പിച്ചു. ഛോട്ടാ രാജനെ തീർത്തില്ലെങ്കിൽ അവൻതന്നെ തീർക്കും.
ഛോട്ടാ രാജനെ തീർക്കാൻ
കൊല്ലും കൊലയുമായി അങ്ങോട്ടുമിങ്ങോട്ടും മുന്നേറിയ ഛോട്ടാ രാജനെ തീർക്കാനുള്ള വഴികൾ ദാവൂദ് തേടി. ദാവൂദിന്റെ സംഘത്തിൽനിന്നു രക്ഷപ്പെടാനായി ഛോട്ടാ രാജൻ താവളങ്ങൾ മാറി മാറി സഞ്ചരിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിലും ഒാസ്ട്രേലിയ, സിംഗപ്പൂർ, സിംബാബ്വേ എന്നിവിടങ്ങളിലും മറ്റുമൊക്കെ വ്യാജ പേരിലും പാസ്പോർട്ടിലും അയാൾ കറങ്ങിനടന്നു.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇരുന്നാണ് ഛോട്ടാ രാജനെ പിടികൂടാൻ ദാവൂദ് കരുക്കൾ നീക്കിയത്. അത്യാധുനിക പായ്ക്കപ്പലില്‍ രാജനും അംഗരക്ഷകരും മാസങ്ങളോളം മലേഷ്യന്‍ തീരത്തോടു ചേർന്നു കടലില്‍ കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു.
ഇതിനിടയിൽ രാജൻ ദാവൂദ് സംഘവുമായി അനുരഞ്ജന ചർച്ചകളും നടത്തിയിരുന്നു. അനുരഞ്ജന ചർച്ചയ്ക്കു ദാവൂദിന്റെ അടുക്കൽ ചെന്ന മധ്യസ്ഥനോടു ദാവൂദ് പൊട്ടിത്തെറിച്ചു. അനുരഞ്ജനം ഛോട്ടാ രാജന്റെ ഒരു കൗശലമായേ ദാവൂദ് കണ്ടുള്ളൂ.
ഛോട്ടാ ഷക്കീൽ രംഗത്ത്
ദാവൂദ് സംഘത്തിന്റെ പ്രധാനിയും ഛോട്ടാ രാജന്റെ ശത്രുവുമായ ഛോട്ടാ ഷക്കീലിനെ ഛോട്ടാ രാജനെ പിടികൂടി വധിക്കാൻ ദാവൂദ് ഏൽപ്പിച്ചു. ഇതോടെ രാജനെ തേടിയിറങ്ങിയ ഷക്കീൽ രാജൻ ബാങ്കോക്കിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞു.
തുടർന്ന് ദാവൂദ് ഇബ്രാഹിമും സഹോദരൻ അനീസ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ചേർന്ന് ഒാപ്പറേഷൻ ബാങ്കോക്ക് ആസൂത്രണം ചെയ്തു.
കണ്ണടച്ചു വെടിവെച്ചാൽ പോലും ലക്ഷ്യം തെറ്റാത്ത മുന്ന എന്ന കൊലയാളിയെ ഒാപ്പറേഷൻ സംഘത്തിന്റെ തലവനായി ദാവൂദ് നിശ്ചയിച്ചു. മുന്നയുടെ തോക്കിന് മുനയില്‍നിന്ന് അന്നേവരെ ആരും രക്ഷപ്പെട്ടിടില്ല.
ബാങ്കോക്കില്‍ രാജന്റെ ബന്ധങ്ങള്‍ ദൃഡമായിരുന്നു. രോഹിത് വര്‍മ എന്ന ഡയമണ്ട് വ്യാപാരിയും ഗുരുനാഥ് എന്ന ഷാർപ് ഷൂട്ടറുമാണ് രാജന്റെ സഹായികളെന്നു ഷക്കീല്‍ കണ്ടെത്തി.
(തുടരും)