ശാസ്ത്രലോകത്തെ വട്ടംകറക്കുന്ന ലോഹസ്തംഭത്തിനു പിന്നിലെ രഹസ്യം അജ്ഞാതമായി തുടരുന്നു. അമേരിക്കയിലെ യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്.
മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. കുറച്ചു ദിവസത്തിനു ശേഷം ഇത് അപ്രത്യക്ഷമായി!
പിന്നാലെ സമാനമായ തൂൺ റൊമാനിയയിലും കണ്ടെത്തി. വൈകാതെ അതും അപ്രത്യക്തമായി. പിന്നാലെ കലിഫോർണിയയിലും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു.
കാലിഫോർണിയയിലെ അടാസ്കഡേറോ മല മുകളിലാണ് ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്. തീർന്നില്ല ഏറ്റവുമൊടുവിൽ പിറ്റ്സ്ബർഗിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്.
നേരത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളായ മരുഭൂമിയിലും കുന്നിൻമുകളിലുമാണ് ലോഹത്തൂൺ കണ്ടതെങ്കിൽ പിറ്റ്സ്ബർഗിൽ ജനക്കൂട്ടത്തിന് ഒത്ത നടുവിലാണ് ലോഹത്തൂൺ സ്ഥിതി ചെയ്യുന്നത്.
പിറ്റ്സ്ബർഗിലെ ഒരു ബേക്കറിക്ക് മുന്നിലാണ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്.
എന്നാൽ സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നില്ല.
എന്നാൽ കലിഫോർണിയായിലെ ലോഹത്തൂൺ നിർമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്ത് എത്തിയിരുന്നു. ലോഹത്തൂൺ നിർമിക്കുന്നതിന്റെയും മറ്റും വീഡിയോ ഇവർ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു.
എന്നാൽ മറ്റു സ്ഥലങ്ങളിലെ ലോഹത്തൂണിന്റെ കാര്യം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. അത് വീണ്ടും പ്രത്യക്ഷപ്പെടുന്നു, മറ്റൊരു ദിവസം അപ്രത്യക്ഷമാകുന്നു.