തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കോവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം.
കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളിൽ ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്.
സ്വപ്നയ്ക്ക് സുരക്ഷ ഉറപ്പുവരുത്തണം; ജയിൽ ഡിജിപിക്ക് കോടതിയുടെ നിർദേശം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് എറണാകുളം സിജെഎം കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.
ജയിൽ ഡിജിപിക്കും സൂപ്രണ്ടിനുമാണ് കോടതി നിർദേശം നൽകിയത്. അതേസമയം, സ്വപ്നയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഈ മാസം 22 വരെ സ്വപ്നയെ റിമാന്‍ഡ് ചെയ്തു.
തന്നെ ജയിലില്‍ ചിലർ വന്ന് കണ്ടിരുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയിൽ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലരാണ് ജയിലിൽ വന്ന് തന്നെ കണ്ടത്.
ഇതിനാൽ തനിക്ക് സംരക്ഷണം നൽകണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്.