പുലാമന്തോൾ: മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ നിന്നും സ്പീഡ് പോസ്റ്റായി പുറപ്പെട്ട ഒരു കത്ത് കോഴിക്കോട്ടെ വിലാസക്കാരന്റെ കയ്യിലെത്തിയത് പത്താം ദിവസം.
അടുത്തദിവസം കയ്യിൽ കിട്ടാൻ കാത്തിരുന്ന സ്പീഡ് ഉരുപ്പടി കാണാതായപ്പോൾ വിലാസകാരൻ സൈബർ ഫോറൻസിക് വിദഗ്ധൻ കൂടിയായ ഡോ.വിനോദ് ഭട്ടത്തിരിപ്പാട് ഉരുപ്പടിയെ ട്രാക്ക് ചെയ്തു.
അഞ്ചാം ദിവസം സംഗതി ഷൊർണൂർ എത്തിയെന്ന് മനസിലായി. 26 കിലോമീറ്ററാണ് പുലാമന്തോളിൽ നിന്ന് ഷൊർണൂരിലേക്കുള്ള ദൂരം. അടുത്ത ദിവസം അത് തൃശൂരെത്തി.
അതെന്തിനാണ് കോഴിക്കോട്ടു നിന്നുള്ള ഉരുപ്പടി തൃശൂർക്കു പോകുന്നത്. ഏറ്റവും അടുത്ത നാഷണൽ സ്പീഡ് പോസ്റ്റ് ഹബ്ബ് അതാണ്.
ഏഴാം ദിവസവും തൃശൂരിൽ തന്നെ ഉരുപ്പടി വിശ്രമിച്ചു. എട്ടാം ദിവസം കോഴിക്കോട് സ്പീഡ് പോസ്റ്റ് ഹബിൽ എത്തിയെങ്കിലും ഞായറാഴ്ചയായതിനാലാകാം അന്നു മേൽവിലാസക്കാരന് അത് കൈപ്പറ്റാൻ ഭാഗ്യമുണ്ടായില്ല.
നവംബർ 28ന് പുലാമന്തോളിൽ നിന്നും പുറപ്പെട്ട കാത്തുകാത്തിരുന്ന ആ അതിവേഗസഞ്ചാരിയെ ഇന്നലെ ഡോ. ഭട്ടത്തിരിപ്പാട് ഏറ്റുവാങ്ങി. തീരെ പ്രതീക്ഷിക്കാത്ത ഒരു സ്പീഡ് പോസ്റ്റ് മുദ്രയുമായി.