തൃശൂർ: അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി. തച്ചിയത്ത് ഷാജന്റെ വീടിന്റെ വരാന്തയിലാണു പുലർച്ചെ ചീങ്കണ്ണിയെ കണ്ടത്. നേരം പുലർന്ന് വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണു ചീങ്കണ്ണിയെ കണ്ടത്.
കാഴ്ചക്കാർ എത്തിയതോടെ ചീങ്കണ്ണി ചീറിയടുത്തെങ്കിലും ആളുകൾ അകന്നുനിന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആദ്യം പേടിപ്പിച്ച് പുഴയുടെ ഭാഗത്തേക്കു വിടാനായിരുന്നു ശ്രമം.
ഇതു പരാജയപ്പെട്ടയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ചീങ്കണ്ണിയെ കീഴ്പ്പെടുത്തി. കയറുകൊണ്ട് വരിഞ്ഞുമുറുക്കി പുഴയുടെ അടുത്തെത്തിച്ച് പുഴയിലേക്കു വിട്ടു.
അതിരപ്പിള്ളി പുഴയുടെ സമീപമാണ് ഷാജന്റെ വീട്. നേരം പുലർന്ന ഉടനെ ചീങ്കണ്ണിയെ കണ്ടതിനാൽ അപായം സംഭവിച്ചില്ലെന്ന് വീട്ടുടമ പറയുന്നു. അതിരപ്പിള്ളി പുഴയിൽ നേരത്തെയും ചീങ്കണ്ണികളെ കണ്ടിട്ടുണ്ട്.