എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും കോവിഡിനെ ഭയക്കാതെ വോട്ടർമാർ പോളിംഗ് ബൂത്തിലേയ്ക്ക് ആവേശത്തോടെ എത്തി.
വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തന്നെ പോളിംഗ് ശതമാനം 17 ലെത്തി. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ്. 99 ലക്ഷത്തോളം വോട്ടര്മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.
457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ 10.15 വരെ 25. 47 ശതമാനം പോളിംഗാണ് നടന്നത്. വയനാട് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കുറവ് പാലക്കാട്ടും.
വോട്ടിംഗ് ആരംഭിക്കുന്നത് രാവിലെ ഏഴിന് ആണെങ്കിലും രാവിലെ 6.55 ന് മന്ത്രി എ സി മൊയ്തീൻ തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതു വിവാദമായി. തുടർന്ന് പരാതിയുമായി അനിൽ അക്കര എം എൽ എ രംഗത്ത് എത്തി.
എന്നാൽ, താൻ ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയതെന്നും വിവാദത്തെക്കുറിച്ച് പ്രതികരിക്കേണ്ടതു പോളിംഗ് ഉദ്യോഗസ്ഥരാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, സംഭവത്തെക്കുറിച്ചു പരാതി കിട്ടിയാൽ പരിശോധിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ മുണ്ടക്കയം ഇളങ്കാട് ആറാം വാർഡിൽ ആറിനു പോളിംഗ് ആരംഭിച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ 19 പേർ വോട്ടിംഗ് രേഖപ്പെടുത്തിയ ശേഷം പരാതി ഉയർന്നതിനെത്ത ുടർന്ന് വോട്ടിംഗ് നിർത്തി വയ്ക്കുകയും പിന്നീട് ഇവരെ തിരിച്ചു വിളിച്ച് ഏഴിനു ശേഷം വോട്ട് ചെയ്യിപ്പിക്കുകയുമായിരുന്നു.
എല്ലാ ബൂത്തുക്കളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. പലയിടത്തും സ്ത്രീ വോട്ടർമാരാണ് കൂടുതൽ.
പ്രമുഖരുടെ വോട്ട്
മന്ത്രിമാരായ എ .സി മൊയ്തീൻ, സി. രവീന്ദ്രനാഫ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജോസ്.കെ .മാണി എംപി എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ , ടൊവിനോ തോമസ് എന്നിവരും രാവിലെ എത്തി വോട്ട് ചെയ്തു.
പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ അനുഭവപ്പെട്ടു. പാലക്കാട് നഗരസഭയിലെ 23-ാം വാർഡിൽ വോട്ടിംഗ് മെഷീൻ കേടായതിനെത്തുടർന്നു പോളിംഗ് രണ്ട് മണിക്കൂറോളം വൈകി.
സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. ആദ്യം വച്ച മെഷീൻ പ്രവർത്തിക്കുന്നില്ലന്നു കണ്ട് രണ്ടാമതൊരു യന്ത്രം കൂടി ഏത്തിച്ചെങ്കിലും ഇതും പ്രവർത്തനക്ഷമമായിരുന്നില്ല.
ഇതോടെ വോട്ടർമാർ ബഹളം തുടങ്ങി. ചിലർ വോട്ട് ചെയ്യാതെ മടങ്ങി. ഒടുവിൽ മൂന്നാമതൊരു വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷമാണ് വോട്ടിംഗ് തുടങ്ങാനായത്. 1,155 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്.
പ്രതികരണങ്ങൾ
കെ.എം. മാണി അന്തരിച്ചതിനു ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിംഗാണ് നടക്കുന്നത്. വോട്ടർമാരുടെ നീണ്ട നിരയാണ് പല ബൂത്തുകളിലും കാണുന്നത്.
കെ.എം മാണിയെ ചതിച്ചവരോടു ജനം മറുപടി നൽകുമെന്നു വോട്ട് ചെയ്ത ു ശേഷം ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ മാധ്യമങ്ങളോടു പറഞ്ഞു.
രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരിയിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.