കൊല്ലം: നിരന്തരമായി മർദിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകിയതിന് ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചശേഷം ഒളിവിൽ പോയ പ്രതിയെ ഇരവിപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത്ത് കിഴക്കതിൽ ജയനാണ് പിടിയിലായത്. ഇയാൾക്ക് ആസിഡ് നൽകിയ ഓയൂർ സ്വദേശിയും പിടിയിലായതായി സൂചനയുണ്ട്.
ഒരാഴ്ചമുന്പാണ് ഭാര്യ രാജി, മകൾ ആദിത്യ എന്നിവരുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സമീപത്തെ വീട്ടിലെ രണ്ട് കുട്ടികളുടെ ദേഹത്തും ആസിഡ് വീണിരുന്നു. ഇവരുടെ പൊള്ളൽ ഗുരുതരമല്ല. ലഹരിക്ക് അടിമയായിരുന്ന ജയൻ ഭാര്യയെ പതിവായി മർദിച്ചിരുന്നു.
സംഭവത്തിനുശേഷം മുങ്ങിയ ജയൻ മാഹി, തലശേരി, എറണാകുളത്തുമായി ചുറ്റിക്കറങ്ങി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലായിരുന്നതിനാൽ ഫോൺ വഴി പ്രതിയെ തിരയാനുള്ള ശ്രമം വിഫലമായിരുന്നു.
കൊല്ലം എസിപി പ്രദീപിന്റെ നിർദേശാനുസരണം അന്വേഷണത്തിനായി വിവിധ ടീമുകളെ രൂപീകരിച്ച് കേരളത്തിന് പുറത്തും അന്വേഷണം ഊർജിമാക്കുകയായിരുന്നു.
ഇതിനിടയിൽ ഇയാളുടെ കൈയിൽ പണമില്ലാത്തതിനാൽ തലശേരിയിൽനിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്ന് കരുനാഗപ്പള്ളിയിലെത്തിയതായും പോലീസിന് വിവരം ലഭിച്ചു.
തുടർന്ന് കല്ലുവാതുക്കലിലെ ഒളിതാവളത്തിലെത്തിയ ഇയാളെ ഇന്നലെ രാത്രിയിൽ എസ്ഐമാരായ അനീഷ്, ദീപു, നിത്യാസത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.